ന്യൂഡൽഹി : മാൽവെയർ ആക്രമണങ്ങൾ നടത്തിയിരുന്ന തട്ടിപ്പ് സംഘത്തെ കുടുക്കി സിബിഐ. വ്യക്തികളുടെ കംപ്യൂട്ടറുകളിൽ വൈറസുകളായ മാൽവെയറുകൾ അയച്ച് തട്ടിപ്പ് നടത്തിയിരുന്ന സംഘത്തെ സിബിഐ കണ്ടെത്തി. മൈക്രോസോഫ്റ്റ് ഇന്ത്യയുടെ പരാതിയിലാണ് സിബിഐ കേസ് അന്വേഷിച്ചത്. ആറു സ്വകാര്യ കമ്പനികള്‍ക്കെതിരെ സിബിഐ കേസെടുത്തു.
നൂറുകണക്കിനാളുകൾ ഇവരുടെ കബളിപ്പിക്കലിന് ഇരയായിട്ടുണ്ടെന്നാണ് സിബിഐ കണ്ടെത്തല്‍. ആൻറിവൈറസ് സുരക്ഷയുടെ പേരിൽ പോപ് അപ് സന്ദേശം അയക്കും .അതാണ് ഇവരുടെ രീതി. നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉടൻ ആൻറിവൈറസ് ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ നശിച്ചു പോകുമെന്ന രീതിയിലുള്ള സന്ദേശമാണ് ഈ സംഘം ഓരോ വ്യക്തികൾക്കും അയക്കുക.
പോപ് അപ് വിൻഡോയിലെ നമ്പറില്‍ ബന്ധപ്പെട്ടാൽ ആന്റി വൈറസ് ഇൻസ്റ്റാൾ ചെയ്തു പ്രശ്നം പരിഹരിക്കാമെന്നും അതിനായി ഓൺലൈനായി പണം അടക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടാറ്. ഈ ചതി മനസ്സിലാക്കാതെ ആളുകൾ അവർ പറഞ്ഞ പ്രകാരം ഓൺലൈൻ ആയി പണം അടക്കും . ഇത്തരത്തിൽ നൂറുകണക്കിന് ആളുകളെയാണ് ഈ സംഘം തട്ടിപ്പിനിരയാക്കിയതെന്ന് സിബിഐ കണ്ടെത്തി.
ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സോഫ്റ്റ്വിൽ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്, സബൂരി ടിഎൽസി വേൾഡ്വൈഡ്, ജയ്പുർ ആസ്ഥാനമായുള്ള ഇന്നോവന തിങ്ക്ലാബ്സ്, സിസ്റ്റ്വീക്ക് സോഫ്റ്റ്വെയർ പ്രൈവറ്റ് ലിമിറ്റഡ്, നോയിഡയിലെ ബെനൊവെലിയന്റ് ടെക്നോളജീസ്, സബൂരി ഗ്ലോബൽ സർവീസസ് എന്നീ കമ്പനികളുടെ ഓഫീസുകൾ സിബിഐ റെയ്ഡ് ചെയ്തു. ഇവരിൽ നിന്നും പല രേഖകളും സിബിഐ പിടിച്ചെടുത്തു.