ന്യൂഡല്‍ഹി: വിജയ് മല്യയ്ക്കു 900 കോടിരൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ ഐഡിബിഐ ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ അടക്കം നാലുപേരെ സിബിഐ അറസ്റ്റ് ചെയ്തു.
മല്യ ചെയര്‍മാനായ യുണൈറ്റഡ് ബ്ര്യൂവറീസ് ഹോള്‍ഡിങ് ലിമിറ്റഡ് (യുബിഎച്ച്എല്‍) സ്ഥാപനങ്ങളും മല്യയുടെ വീടും അടക്കം 11 സ്ഥലത്തു സിബിഐ റെയ്ഡും നടത്തി.
ഐഡിബിഐ ബാങ്ക് മുന്‍ ചെയര്‍മാന്‍ യോഗേഷ് അഗര്‍വാളും ബാങ്കിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരും ആണ് അറസ്റ്റിലായത്. മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സാമ്പത്തിക വിഭാഗം മേധാവി എ.രഘുനാഥനെയും അറസ്റ്റ് ചെയ്തു. എയര്‍ലൈന്‍സിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെയും കസ്റ്റഡിയിലെടുത്തതായി സിബിഐ അറിയിച്ചു. യോഗേഷ് അഗര്‍വാളിന്റെയും രഘുനാഥന്റെയും വീടുകളിലും സിബിഐ പരിശോധന നടത്തി.
ഡല്‍ഹി കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണു 12 ഉദ്യോഗസ്ഥര്‍ ബെംഗളൂരുവിലെ യുബി സിറ്റിയിലെത്തിയത്. വിദേശനാണ്യ വിനിമയ നിയമ (ഫെറ) ലംഘനത്തിന്റെ പേരിലാണു വാറന്റെന്നാണു സൂചന.
റെയ്ഡിനോടു പരമാവധി സഹകരിക്കുന്നുവെന്നാണു യുബി വക്താവിന്റെ പ്രതികരണം. 9000 കോടിയുടെ വായ്പക്കുടിശിക കേസില്‍ മല്യയുടെ സ്ഥാപനങ്ങളില്‍ നിന്ന് 6203.35 കോടി രൂപ കണ്ടുകെട്ടാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനു ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ അനുമതി നല്‍കിയതിനു പിന്നാലെയാണു മറ്റൊരു കേസിലെ സിബിഐ നടപടി.
വന്‍ വായ്പക്കുടിശിക വരുത്തിയശേഷം രാജ്യംവിട്ട വിജയ് മല്യ ഇപ്പോള്‍ ബ്രിട്ടനിലാണ്.