കൊല്‍ക്കത്ത: എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്റെ സഹോദരന്‍ ഷെയ്ഖ് ആലംഗീറിനെയും മറ്റു രണ്ടുപേരേയും സിബിഐ അറസ്റ്റ് ചെയ്തു. ജനുവരി അഞ്ചിന് ഇ.ഡി ഉദ്യോഗസ്ഥര്‍ സന്ദേശ്ഖാലിയിലെ ഷാജഹാന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം.
ആലംഗീറിനെയും രണ്ടുസഹായികളെയും ജനുവരി അഞ്ചിലെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സിബിഐ ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ശനിയാഴ്ച വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം സിബിഐ അന്വേഷിക്കണമെന്ന കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഷെയ്ഖ് ഷാജഹാനെ സംസ്ഥാന പൊലീസ് ഈ മാസമാദ്യം സിബിഐയ്ക്ക് കൈമാറിയിരുന്നു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ ഷെയ്ഖ് ഷാജഹാന്‍ 55 ദിവസത്തിന് ശേഷമാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ, അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും ലൈംഗികചൂഷണം നടത്തിയെന്നും ആരോപിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.