തിരുവനന്തപുരം: സോളാർ പീഡന കേസിൽ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എ പി അനിൽകുമാറിന് എതിരായ ആരോപണം വ്യാജമെന്ന് സിബിഐ. 2012ൽ കൊച്ചിയിൽ വച്ച് പീഡിപ്പിച്ചു എന്ന ആരോപണം കെട്ടിച്ചമച്ചാതാണെന്നും സോളാർ പദ്ധതിക്ക് വേണ്ടി പ്രൈവറ്റ് സെക്രട്ടറി നസറുള്ള വഴി ഏഴ് ലക്ഷം കൊക്കൂലി വാങ്ങിയിയെന്നതിന് തെളിവില്ലെന്നും കാട്ടി തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി.
2012 കൊച്ചിയിലെ ട്രാവൽ മാർട്ട് നടക്കുമ്പോൾ പരാതിക്കാരി പറഞ്ഞ പഞ്ചനക്ഷത്ര ഹോട്ടലിൽ അനിൽകുമാർ താമസിച്ചിട്ടില്ലെന്ന് പറയുന്നു. അതേസമയം അന്ന് മന്ത്രിയായിരുന്ന അനിൽ കുമാർ ഗസ്റ്റ് ഹൗസിൽ തങ്ങിയതിനും തെളിവുണ്ട്. ദില്ലിയിലെ കേരള ഹൗസിൽ വച്ച് കൈക്കൂലി വാങ്ങിയെന്ന് പറയുന്ന ദിവസം പ്രൈവറ്റ് സെക്രട്ടറി അവിടെ താമസിച്ചതിനും പണം കൈപ്പറ്റിയതിനും തെളിവില്ല. നേരത്തെ അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവർക്കും സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ, ബിജെപി ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടി എന്നുവർക്കെതിരായ പീഡന പരാതികളും സിബിഐ അന്വേഷിക്കുന്നുണ്ട്.