കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ എന്താണ് വൈകിയതെന്ന് ദിലീപിനോട് ഹൈക്കോടതി. ദിലീപിന്റെ ആരോപണങ്ങളില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കേസിന്റെ വിചാരണ തടസപ്പെടുത്താനാണ് ദിലീപിന്റെ ശ്രമമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐക്കും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് നല്‍കി. ജൂലൈ നാലിന് നിലപാട് അറിയിക്കണമെന്നാണ് നിര്‍ദേശം.
പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്നു ചൂണ്ടിക്കാട്ടിയാണ് ദിലീപ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയായിരുന്നു ദിലീപിന്റെ നിര്‍ണായക നീക്കം. നേരത്തെ ഈ ആവശ്യമുന്നയിച്ച് ദിലീപിന്റെ അമ്മ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരില്‍നിന്ന് അനുകൂല സമീപനം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ വീഡിയോ ദൃശ്യങ്ങള്‍ കാണണം എന്നാവശ്യവുമായി ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നതാണ്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടിയും കോടതിയെ സമീപിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസിന്റെ വിസ്താരം പൂര്‍ത്തിയായിട്ടില്ല.