ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ നടപടി ചോദ്യം ചെയ്ത് അലോക് വര്‍മ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അലോക് വര്‍മക്കെതിരെയുള്ള പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി കേന്ദ്ര വിജിലന്‍സ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ഇന്ന് സുപ്രീംകോടതിയില്‍ നല്‍കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേസില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കുക. പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയാല്‍ അലോക് വര്‍മയെ സിബിഐ തലപ്പത്ത് സുപ്രീംകോടതി വീണ്ടും നിയമിച്ചേക്കും.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.
അലോക് വര്‍മക്കെതിരെ ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയാണ് വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയത്. ഒരു സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കിതീര്‍ക്കാന്‍ അലോക് വര്‍മ രണ്ടുകോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു രാകേഷ് അസ്താനയുടെ പരാതി.