ന്യൂഡല്‍ഹി: സിബിഐയിലെ 2 ഉന്നത ഉദ്യോഗസ്ഥരായ അലോക് വര്‍മ്മയും രാകേഷ് അസ്താനയും പൂച്ചകളെപ്പോലെ തമ്മിലടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നിര്‍ബന്ധിത അവധി എടുപ്പിച്ച അലോക് വര്‍മ നല്‍കിയ ഹര്‍ജിയില്‍ വ്യാഴാഴ്ചയും വാദം തുടരും.
അലോക് വര്‍മയേയും രാകേഷ് അസ്താനയേയും കുറ്റപ്പെടുത്തിയാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ നിലപാടെടുത്തത്. പ്രശ്നം ഇരുവര്‍ക്കുമിടയില്‍ തീര്‍ക്കാന്‍ കഴിയാത്ത അസാധാരണ സാഹചര്യമായതിനാലാണു സര്‍ക്കാരിന് ഇടപെടേണ്ടി വന്നതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
തന്നെ സ്ഥാനത്തുനിന്ന് നീക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ അലോക് വര്‍മ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സി ബി ഐ ഡയറക്ടറുടെ കാലാവധി രണ്ടുവര്‍ഷമാണെന്നിരിക്കെ, അതില്‍ വെട്ടിച്ചുരുക്കല്‍ നടത്താന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നായിരുന്നു വര്‍മയുടെ വാദം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.