ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തെ ഐ.എന്‍.എക്സ് മീഡിയ കേസില്‍ പ്രതിപ്പട്ടികയിലുള്‍പ്പെടുത്തി സി.ബി.ഐ പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹിയിലെ റോസ് അവന്യു കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം തിങ്കളാഴ്ച കോടതി പരിഗണിക്കും. ചിദംബരത്തിന് പുറമെ മകന്‍ കാര്‍ത്തി ചിദംബരം, പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരുള്‍പ്പടെ 14 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.
2017 മെയ് 17 നാണ് കേസില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്യുന്നത്. ചിദംബരം ധനമന്ത്രിയായിരിക്കെ 2017ല്‍ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് ഐഎന്‍എക്സ് മീഡിയ ഗ്രൂപ്പിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് ചട്ടം ലംഘിച്ച് അനുമതി നല്‍കി എന്നായിരുന്നു ആരോപണം.
ഓഗസ്റ്റ് 21ന് കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത ചിദംബരത്തിന് ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല. ബുധനാഴ്ച ഇതേ കേസില്‍ തന്നെ കള്ളപ്പണം വെളുപ്പിച്ചു എന്ന കേസില്‍ എന്‍ഫോഴ്സ്മെന്റും ചിദംബരത്തിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ എല്ലാ ആരോപണങ്ങളും ചിദംബരം നിഷേധിച്ചിരുന്നു.