ഉന്നാവോ; കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ വിട്ടുകിട്ടണം,സിബിഐ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഉന്നാവോ കേസില്‍ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ എംഎല്‍എയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. കോടതി കേസ് ഇന്ന് പരിഗണിക്കും.

ഉന്നാവോ പെണ്‍കുട്ടിയെ വാഹനാപകടത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസിലാണ് സിബിഐ അന്വേഷണം നടത്തുന്നത്. വാഹനാപകടത്തിനു പിന്നില്‍ കുല്‍ദീപ് സിംഗ് സെംഗാര്‍ ആണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സെംഗാറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബലാത്സംഗക്കേസില്‍ അറസ്റ്റിലായ കുല്‍ദീപ് സിംഗ് സെംഗാര്‍ ഇപ്പോള്‍ സീതാപ്പൂര്‍ ജയിലാണുള്ളത്.

യുപി റായ്ബറേലിയിലെ ജയിലില്‍ കഴിയുന്ന അമ്മാവനെ സന്ദര്‍ശിച്ച് മടങ്ങി വരുമ്പോഴാണ് പണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചു.

അതേസമയം വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ലഖ്നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രി.

പെണ്‍കുട്ടി ഇപ്പോള്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈ കാലുകള്‍ ചലിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്നും കിംഗ് ജോര്‍ജ് ആശുപത്രിയിലെ ട്രോമാ കെയര്‍ വിഭാഗം തലവന്‍ സന്ദീപ് തിവാരി പറഞ്ഞു.

അതേസമയം ഉന്നാവോ സംഭവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും ലക്‌നൗ സിബിഐ കോടതിയില്‍നിന്ന് ഡല്‍ഹിയിലേയ്ക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 7 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട കോടതി 45 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്നും വിചാരണയ്ക്കായി പ്രത്യേക ജഡ്ജിയെ നിയോഗിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

പെണ്‍കുട്ടിക്ക് 20 ലക്ഷം രൂപ അടിയന്തര സഹായം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കണമെന്നും പെണ്‍കുട്ടിക്കും കുടുംബത്തിനും സിആര്‍പിഎഫ് സുരക്ഷ ഉറപ്പാക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് 5 ലക്ഷം രൂപ അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

Top