താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍

കൊച്ചി: താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. കേസിലെ പ്രധാന സാക്ഷികളോട് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കാന്‍ സിബിഐ നിര്‍ദേശം നല്‍കി. മന്‍സൂര്‍, കെ ടി മുഹമ്മദ്, ജബീര്‍, ആബിദ് എന്നിവരോടാണ് മൊഴികൊടുക്കാന്‍ നിര്‍ദേശം നല്‍കിയത്. താമിറിനൊപ്പം കസ്റ്റഡിയിലെടുത്ത് പൊലീസ് വിട്ടയച്ച ഏഴംഗ സംഘത്തില്‍പ്പെട്ട യുവാക്കളാണ് ഇവര്‍. ഇവരെ കൂടാതെ മറ്റു രണ്ട് ദൃക്‌സാക്ഷികളും മൊഴി നല്‍കും.

ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കേസ് സിബിഐ അന്വേഷിക്കുന്നത്. പൊലീസ് തിരക്കഥകള്‍ പൊളിച്ചു കൊണ്ട് റിപ്പോര്‍ട്ടര്‍ ടിവി പുറത്തുകൊണ്ടുവന്ന തെളിവുകള്‍ കേസില്‍ വളരെയേറെ നിര്‍ണായകമായി. കേസ് അട്ടിമറിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം നടത്തിയ ഇടപെടലുകളും അട്ടിമറി ശ്രങ്ങളും റിപ്പോര്‍ട്ടറിലൂടെയാണ് പുറംലോകമറിഞ്ഞത്.

എറണാകുളം സിബിഐ കോടതിയിലെത്തി മൊഴി കൊടുക്കാനാണ് നിര്‍ദേശം. യുവാക്കളുടെ വിശദമായ മൊഴി നേരത്തെ സിബിഐ രേഖപ്പെടുത്തിയിരുന്നു. താമിര്‍ ജിഫ്രിയെ മര്‍ദ്ദിക്കുന്നത് നേരിട്ട് കണ്ട ഇവരുടെ മൊഴി കേസില്‍ ഏറ്റവും നിര്‍ണായകമാകും.

 

 

Top