കുറ്റാന്വേഷണ രംഗത്ത് ഒരിക്കല്‍ കൂടി കഴിവു തെളിയിച്ചിരിക്കുകയാണ് മലപ്പുറം പൊലീസ് വര്‍ഷങ്ങള്‍ക്കു മുന്‍പ് കോളിളക്കം സൃഷ്ടിച്ച ചേലമ്പ്ര ബാങ്ക് കവര്‍ച്ച കേസ് തെളിയിച്ചതും പ്രതികളെ പിടികൂടിയതും മലപ്പുറം പൊലീസാണ്. അന്ന് അന്വേഷണത്തിന് നേതൃത്വം കൊടുത്തത് എസ്.പി ആയിരുന്ന പി.വിജയനാണ്. ഇന്ന് അദ്ദേഹം കേരള പൊലീസ് ആന്റി ടെററിസ്റ്റ് വിഭാഗത്തില്‍ ഐ.ജിയാണ്. ചേലമ്പ്ര കവര്‍ച്ചയുമായി ബന്ധപ്പെട് ‘ഇന്ത്യാസ് മണി ഹെയിസ്റ്റ് ദ ചേലമ്പ്ര ബാങ്ക് റോബറി’ എന്ന പുസ്തകം അടുത്ത കാലത്താണ് പുറത്തിറങ്ങിയിരിക്കുന്നത്.
ചേലമ്പ്രയിലെ സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കില്‍ 2007 ഡിസംബര്‍ 29നായിരുന്നു സംസ്ഥാനത്തെ ഞെട്ടിച്ച മോഷണം നടന്നിരുന്നത്. 80 കിലോ സ്വര്‍ണ്ണവും 25 ലക്ഷം രൂപയുമാണ് പ്രതികള്‍ തട്ടിയെടുത്തിരുന്നത്. സ്വര്‍ണ്ണവും പണവും റിക്കവറി ചെയ്യാന്‍ മാത്രമല്ല പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനും അന്വേഷണ സംഘത്തിനു കഴിഞ്ഞിരുന്നു. ഹിന്ദി സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ‘തിരക്കഥ’ തയ്യാറാക്കി മോഷണം നടത്തിയവരുടെ സര്‍വ്വ കണക്കു കൂട്ടലുകളും തെറ്റിച്ചത് മലപ്പുറത്തെ പൊലീസിന്റെ തന്ത്രപരമായ നീക്കമായിരുന്നു. ഇതിനു സമാനമായ നീക്കമാണ് സ്വര്‍ണ്ണ കള്ളക്കടത്ത് സംഭവങ്ങളിലും മലപ്പുറം പൊലീസ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. കള്ളക്കടത്ത് തടയാന്‍ നിയോഗിക്കപ്പെട്ട കസ്റ്റംസ് സൂപ്രണ്ടിനെ തന്നെയാണ് സ്വര്‍ണക്കടത്തിനിടെ മലപ്പുറം പൊലീസ് പിടികൂടിയിരിക്കുന്നത്.ഈ സംഭവം കേരള പൊലീസിന്റെ തൊപ്പിയില്‍ പൊന്‍തൂവലായിരിക്കുകയാണ്.
ചേലമ്പ്ര കേസില്‍ പി.വിജയനാണ് കരുക്കള്‍ നീക്കിയതെങ്കില്‍ സ്വര്‍ണ്ണക്കടത്തു കേസില്‍ തന്ത്രമൊരുക്കിയത് എസ്.പി സുജിത്ത് ദാസാണ്. ഇതോടെ പ്രതിരോധത്തിലായിരിക്കുന്നത് കേന്ദ്ര ഏജന്‍സിയാണ്. ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായിരിക്കുന്നത്. മുന്‍പും ഇത്തരം ഉദ്യോഗസ്ഥര്‍ പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് ചെയ്തതെല്ലാം സി.ബി.ഐ ആയിരുന്നു. എന്നാല്‍, കരിപ്പൂരില്‍ സംഭവിച്ചത് നേരെ തിരിച്ചാണ്. ഇവിടെ കസ്റ്റംസ് ഉന്നതനെ കുരുക്കിയത് മലപ്പുറം ജില്ലാ പൊലീസാണ്. വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് സൂപ്രണ്ട് പൊള്ളാച്ചി അളഗപ്പ നഗര്‍ സ്വദേശി പി. മുനിയപ്പയെയാണ് രണ്ടു സ്വര്‍ണക്കടത്തുകാര്‍ക്കൊപ്പം വ്യാഴാഴ്ച കരിപ്പൂര്‍ പോലീസ് പിടികൂടിയിരിക്കുന്നത്.
രണ്ടു യാത്രക്കാര്‍ കൊണ്ടുവന്ന 640 ഗ്രാം സ്വര്‍ണത്തില്‍ 320 ഗ്രാം സ്വര്‍ണം വിമാനത്താവളത്തിന് പുറത്തെത്തിക്കുന്നതിന് 25,000രൂപ വീതം പ്രതിഫലം ആവശ്യപ്പെട്ട മുനിയപ്പ സ്വര്‍ണം കൈമാറുന്നതിനിടെയാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരമായിരുന്നു കരിപ്പൂര്‍ പോലീസിന്റെ തന്ത്രപരമായ നീക്കം.ഇതോടെ,
പോലീസ് ഇടപെടലിനെത്തുടര്‍ന്ന് ഒരുമാസത്തിനിടെ സസ്പെന്‍ഷനിലാകുന്ന മൂന്നാമത്തെ കസ്റ്റംസ് ഉദ്യോഗസ്ഥനായി മാറിയിരിക്കുകയാണ് മുനിയപ്പ. അടുത്തയിടെയാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നത്. മലപ്പുറം സ്വദേശിയില്‍ നിന്നും പിടിച്ച സ്വര്‍ണം പൂര്‍ണമായി രേഖപ്പെടുത്താതെ സ്വന്തമാക്കാന്‍ ശ്രമിച്ചതിനായിരുന്നു സസ്‌പെന്‍ഷന്‍. ഇവിടെയും കസ്റ്റംസിന് വില്ലനായത് മലപ്പുറം പൊലീസിന്റെ റിപ്പോര്‍ട്ടായിരുന്നു
കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് സംഘങ്ങള്‍ വിലസുന്നതും തട്ടിക്കൊണ്ടുപോകലും കൊള്ളയും അക്രമങ്ങളുമെല്ലാം പതിവാകുകയും ചെയ്തതോടെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പൊലീസ് ജാഗ്രത പുലര്‍ത്തിയിരുന്നത്. ഇതിനു വേണ്ടി പ്രത്യേക ഹെല്‍പ്പ് ഡെസ്‌കും തുറന്നിരുന്നു. 2021 ജൂണില്‍ രാമനാട്ടുകരയില്‍ അഞ്ചു യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ മറനീക്കി പുറത്തു വന്ന സ്വര്‍ണക്കടത്ത് ബന്ധവും ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങാന്‍ പ്രേരകമായിട്ടുണ്ട്. വിമാനത്താവളത്തിലെ എയ്ഡ് പോസ്റ്റിനുപുറമെയാണ്, യാത്രക്കാരെ നിരീക്ഷിക്കുന്നതിനും സ്വര്‍ണക്കടത്ത് തടയുന്നതിനും ലക്ഷ്യമിട്ട് ഹെല്‍പ്പ് ഡെസ്‌ക് തുറന്നിരുന്നത്. ദീര്‍ഘ വീക്ഷണത്തോടെയുള്ള ഈ തീരുമാനമാണിപ്പോള്‍ സ്വര്‍ണ്ണക്കടത്തു സംഘങ്ങള്‍ക്ക് കുരുക്ക് ഒരുക്കിയിരിക്കുന്നത്.
ജനുവരിയില്‍ ഹെല്‍പ്പ് ഡെസ്‌ക് തുറന്നശേഷം 52 കേസുകളിലായി 42 കിലോയിലധികം സ്വര്‍ണം പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടുണ്ട്. ഇതിന് വിപണിയില്‍ 23 കോടിയില്‍ അധികം വില വരും. ‘വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഇതോടെ പൊളിച്ചടുക്കപ്പെട്ടിരിക്കുന്നത്. വിമാനതാവളത്തിനകത്ത് കസ്റ്റംസിനാണ് അധികാരമെങ്കില്‍ പുറത്ത് പൊലീസാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. സ്വര്‍ണ്ണക്കടത്തുകാരെ വെട്ടിലാക്കിയതും കേരള പൊലീസിന്റെ ഈ അധികാരമാണ്. കള്ളക്കടത്തിന് കൂട്ട് നിന്നാല്‍ സി.ബി.ഐ പിടിച്ചില്ലങ്കില്‍ കേരള പൊലീസ് തന്നെ പിടിക്കുമെന്ന സന്ദേശവും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കേരള പൊലീസ് നല്‍കിയിട്ടുണ്ട്. ഇതോടെ മലപ്പുറം എസ്.പി സുജിത്ത് ദാസ് കസ്റ്റംസുകാര്‍ക്കും ഇപ്പോള്‍ പേടി സ്വപ്നമായി മാറിയിട്ടുണ്ട്.
വീരശൂര പരാക്രമികളായ സി.ബി.ഐയെ സംബന്ധിച്ചും കേരള പൊലീസ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കള്ളക്കളി പുറത്ത് കൊണ്ടു വരുന്നത് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. സാധാരണ ഗതിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപാടുകളില്‍ നടപടിയെടുക്കേണ്ടത് സി.ബി.ഐയാണ്. എന്നാല്‍ ഇപ്പോള്‍ കരിപ്പൂരിലെ സംഭവത്തില്‍ കേരള പൊലീസിന്റെ എഫ്.ഐ.ആര്‍ നോക്കി തുടര്‍ നടപടി സ്വീകരിക്കേണ്ട ഗതികേടിലാണ് സി.ബി.ഐ ഉള്ളത്. വല്ലാത്തൊരു ഗതികേടു തന്നെയാണിത്. ഇതിന്റെ ഭാഗമായി കസ്റ്റംസ് സൂപ്രണ്ടായിരുന്ന മുനിയപ്പ പ്രതിയായ കേസിലും ഇനി തുടരന്വേഷണം നടത്തുക സി.ബി.ഐ ആയിരിക്കും. മുനിയപ്പയുടെ സ്വത്ത് സമ്പാദനത്തെ കുറിച്ച് ഉള്‍പ്പെടെ അന്വേഷിക്കാന്‍ സി.ബി.ഐ ജോ – ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന.
അഴിമതിനിരോധന നിയമപ്രകാരം മുനിയപ്പയ്ക്കെതിരേ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യാനും സാധ്യത ഏറെയാണ്. കസ്റ്റംസ് സൂപ്രണ്ടിന് എതിരായ കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവി എസ് സുജിത്ത്ദാസ് സി.ബി.ഐ ഡയറക്ടറേറ്റിനും റവന്യൂ ഇന്റലിജന്‍സിനും ഉടന്‍ കൈമാറും.ഇതോടൊപ്പം മുനിയപ്പയില്‍നിന്ന് പിടിച്ചെടുത്ത പണവും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള വസ്തുക്കളും പോലീസ് സി.ബി.ഐ.യ്ക്ക് തന്നെയാണ് കൈമാറുക
അതേസമയം, സംസ്ഥാനത്തെ വിമാനതാവളങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ തോതില്‍ കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് ഐ.ബിയും കേന്ദ്ര സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥരെ മാത്രം വിമാനതാവള ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നതാണ് ഐ.ബിയുടെ നിര്‍ദ്ദേശം. കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണം ശക്തമാക്കാനും നിലവില്‍ തീരുമാനമായിട്ടുണ്ട്.
EXPRESS KERALA VIEW