തിരുവനന്തപുരം: ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷുഹൈബ് വധത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
അന്വേഷണം കുറ്റമറ്റ നിലയില്‍ നടക്കും, കേസില്‍ അറസ്റ്റിലായിരിക്കുന്നവര്‍ ഡമ്മി പ്രതികളാണെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം അടിസ്ഥാനരഹിതമാണ്. പിടിയിലായത് യഥാര്‍ഥ പ്രതികളെയല്ലെന്ന് പ്രതിപക്ഷം ഇപ്പോള്‍ പറയുന്നില്ല. ശേഷിച്ച പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
രണ്ടു പേരാണു ഷുഹൈബിനെ വെട്ടിയത്. ഒരാളും കൊല്ലപ്പെടരുതെന്നാണു സർക്കാർ നിലപാട്. രാഷ്ട്രീയ പ്രശ്നങ്ങൾ അക്രമത്തിലേക്ക് വഴിമാറരുത്. കണ്ണൂരിൽ അക്രമസംഭവങ്ങൾ 30 ശതമാനത്തോളം കുറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങൾ 2016ൽ ഏഴായിരുന്നത് 2017ൽ രണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ഷുഹൈബ് വധത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയാണെന്ന് ആരോപിച്ച് സണ്ണി ജോസഫ് ആണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ആകാശ് തില്ലങ്കേരിക്ക് പി.ജയരാജനുമായി അടുത്ത ബന്ധമുണ്ട്. കൊല്ലിച്ചവരെ പിടികൂടണം. ഷഹൈബ് വധത്തില്‍ സിബിഐ അന്വേഷണം വേണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം സ്പീക്കറുടെ മുഖം മറച്ച് ബാനറുകള്‍ ഉയര്‍ത്തിയത് അവഹേളനമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പ്രതിഷേധം സഭയുടെ അന്തസ് പാലിച്ചാകണം. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്നും പ്രതിപക്ഷാംഗങ്ങള്‍ക്ക് സ്പീക്കര്‍ താക്കീത് നല്‍കി.
സ്പീക്കറുടെ പരാമര്‍ശം ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ജനങ്ങളുടെ വികാരമാണ് പ്രകടിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
ഇതിനിടെ ഷുഹൈബ് വധത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ചര്‍ച്ചക്കിടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കുകയായിരുന്നു.