ജസ്‌നയുടെ തിരോധാനം; പൊലീസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: പത്തനം തിട്ട സ്വദേശിനി ജസ്‌ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരാമെന്ന് വ്യക്തമാക്കി ഹൈക്കോടതി.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സഹോദരന്‍ ജയ്‌സിന്റെ ഹര്‍ജി രണ്ടാഴ്ചക്ക് ശേഷമാണ് പരിഗണിക്കുന്നത്. ഇപ്പോഴുള്ള പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എരുമേലി ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുതിയ സി.സി.ടി.വി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം, സി.സി.ടി.വിയില്‍ കണ്ടത് ജസ്‌ന ആണെന്ന് ഉറപ്പില്ലെന്ന് ജസ്‌നയുടെ സഹോദരന്‍ ജയ്‌സ് വ്യക്തമാക്കി.

ജസ്‌നയ്ക്ക് വേണ്ടി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജസ്‌നയുടെ സഹോദരന്‍ ജയ്‌സും അഡ്വ. ഷോണ്‍ ജോര്‍ജും നല്‍കിയ ഹര്‍ജികളാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

Top