മുംബൈ: സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണം സംബന്ധിച്ച് യാതൊരു പരാതിയുമില്ലെന്ന് മകന്‍ അനുജ് ലോയ.
മരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് സംശയങ്ങളൊന്നുമില്ലെന്ന് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലാറിന് സമര്‍പ്പിച്ച കത്തില്‍ അനുജ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ലോയയുടെ മരണം സംബന്ധിച്ച് ഇംഗ്ലിഷ് വാരിക ‘കാരവന്‍’ പുറത്തിറക്കിയ റിപ്പോര്‍ട്ട് വിവാദമായതോടെയാണ് വിശദീകരണവുമായി മകന്‍ രംഗത്തെത്തിയത്.
ഹൃദയാഘാതമാണു ലോയയുടെ മരണകാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും ഭാര്യയെയോ ബന്ധുക്കളെയോ അറിയിക്കാതെ തിടുക്കത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതാണു ദുരൂഹത സൃഷ്ടിച്ചത്.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവര്‍ പ്രതികളായ കേസില്‍ വിചാരണ നടത്തുന്ന ജഡ്ജി മരിച്ചത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്സും സൊഹ്‌റാബുദീന്റെ സഹോദരന്‍ ഉള്‍പ്പെടയുള്ളവരും രംഗത്തെത്തിയെങ്കിലും നടപടിയുണ്ടായില്ല.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വൈരുധ്യങ്ങള്‍, മരണശേഷം പാലിക്കേണ്ട നടപടിക്രമങ്ങളിലെ വീഴ്ചകള്‍, മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറുമ്പോഴുള്ള അവസ്ഥ ഉള്‍പ്പെടെ അസ്വസ്ഥത സൃഷ്ടിച്ച ഒട്ടേറെ ചോദ്യങ്ങളാണു ലോയയുടെ പിതാവും സഹോദരിമാരും ഉയര്‍ത്തിയത്.
അമിത് ഷാ ഒക്ടോബര്‍ 31നു കോടതിയില്‍ ഹാജരാകാഞ്ഞതിനെ ലോയ വിമര്‍ശിച്ചിരുന്നു. ഡിസംബര്‍ 15ലേക്കു കേസ് മാറ്റുകയും ചെയ്തു.
ഇതിനിടെ ഡിസംബര്‍ ഒന്നിന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം നാഗ്പുരില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയപ്പോഴായിരുന്നു ലോയയുടെ മരണം.