ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് സിബിഐ നോട്ടീസ്

ഉത്തരാഖണ്ഡ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന് സിബിഐ നോട്ടീസ്. നവംബര്‍ 6 ന് ഹാജരാകണമെന്ന് അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്. 2016 ല്‍ കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്ത കേസിലാണ് അന്വേഷണം. നിലവില്‍ ഡെറാഡൂണ്‍ ആസ്ഥാനമായുള്ള ജോളി ഗ്രാന്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.

കേസുമായി ബന്ധപ്പെട്ട് ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാനാണ് റാവത്തിനെ വിളിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ആശുപത്രിയില്‍ കഴിയുന്ന തനിക്ക് നോട്ടീസ് അയച്ച സിബിഐയുടെ പ്രവൃത്തി അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ റാവത്ത് ചികിത്സയില്‍ കഴിയുകയാണ്. ഒക്ടോബര്‍ 25 ന് അദ്ദേഹത്തിന്റെ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി റാവത്ത് സിബിഐയോട് സമയം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന് ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു. റാവത്തിനെ നേരത്തെയും സിബിഐ ചോദ്യം ചെയ്തിരുന്നു. 2016 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. റാവത്തിന്റെ വിശ്വസ്തനായ മദന്‍ സിംഗ് ബിഷ്ത് എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.സംസ്ഥാനം അന്ന് രാഷ്ട്രപതി ഭരണത്തിലായിരുന്നു. കേസില്‍ മുന്‍ ക്യാബിനറ്റ് മന്ത്രി ഹരക് സിംഗ് റാവത്ത്, സമാചാര്‍ പ്ലസ് ന്യൂസ് ചാനല്‍ സിഇഒ ഉമേഷ് കുമാര്‍ എന്നിവരെയും സിബിഐ പ്രതി ചേര്‍ത്തിരുന്നു.

Top