ജയ്ഹിന്ദ് ചാനലിന് സിബിഐ നോട്ടീസ്; ഡികെ ശിവകുമാറും കുടുംബവും നടത്തിയ നിക്ഷേപങ്ങള്‍ വെളിപ്പെടുത്തണം

ബംഗളൂരു: ജയ്ഹിന്ദ് ചാനലിന് സിബിഐ നോട്ടീസ്.ഡി കെ ശിവകുമാറിനും കുടുംബത്തിനും ചാനലിലുള്ള നിക്ഷേപത്തിന്റെ വിവരങ്ങള്‍ തേടിയാണ് നോട്ടീസ്.സിബിഐയുടെ ബംഗളൂരു യൂണിറ്റാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.ജയ്ഹിന്ദ് കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി ബിഎസ് ഷിജുവിനോട് ജനുവരി 11ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സിബിഐ നോട്ടീസ് അയച്ചത്.

ഡി കെ ശിവകുമാര്‍, ഭാര്യ ഉഷ ശിവകുമാര്‍ എന്നിവര്‍ക്ക് ചാനലില്‍ ഉള്ള നിക്ഷേപത്തിന്റെ വിവരങ്ങളാണ് തേടിയിരിക്കുന്നത്.ഡികെയുടെ കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും നിക്ഷേപമുണ്ടോ എന്നതിലും വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.ഡിവിഡന്റ് – ഷെയര്‍ എന്നിവയുടെ വിവരങ്ങള്‍, ബാങ്ക് ഇടപാടുകള്‍, ഹോള്‍ഡിംഗ് സ്റ്റേറ്റ്‌മെന്റ്, ലെഡ്ജര്‍ അക്കൗണ്ട്, കോണ്ട്രാക്റ്റ് വിവരങ്ങള്‍ എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.സിആര്‍പിസി സെക്ഷന്‍ 91 പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.2013-18 വരെയുള്ള കാലയളവില്‍ അനധികൃതസ്വത്ത് സമ്പാദിച്ചെന്ന് കാട്ടി സിബിഐ 2020-ല്‍ റജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.

Top