കൊല്‍ക്കത്ത: ബംഗാളിലെ ഭിര്‍ഭൂം കൂട്ടക്കൊലയില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയോട് ദേശീയ ന്യൂനപക്ഷ കമ്മീഷനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതെ സമയം കൊല്‍ക്കത്ത ഹൈക്കോടതി വിധിയെ ചൊല്ലി മമത സര്‍ക്കാരിനെ കടന്നാക്രമിക്കുകയാണ് ബിജെപി.
മമത സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കൊല്‍ക്കത്ത ഹൈക്കോടതി വിധിയിലൂടെ ലഭിച്ചത്. ഉത്തരവിന് പിന്നാലെ ഭിര്‍ഭൂം ജില്ല സന്ദര്‍ശിച്ച സിബിഐ ഫോറന്‍സിക് സംഘം തെളിവ് ശേഖരണം ആരംഭിച്ചിരുന്നു. വീടുകള്‍ കത്തിനശിച്ച ബോഗ്ടുയി ഗ്രാമത്തിലാണ് തെളിവ് ശേഖരണത്തിനായി ഫോറന്‍സിക് സംഘം ആദ്യം എത്തിയത്. കലാപത്തിന് പിന്നാലെ ബോംബ് ശേഖരം കണ്ടെത്തിയ പ്രദേശങ്ങളും സിബിഐ അന്വേഷണ സംഘം ഇന്ന് സന്ദര്‍ശിച്ചേക്കും. കേസ് ഡയറിയുടെ പരിശോധനയും കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത ആളുകളുടെ മൊഴിയെടുപ്പും ഉടന്‍ പൂര്‍ത്തിയാകും. ഇതിന് പിന്നാലെ ദേശീയ ന്യൂനപക്ഷ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.
അക്രമ സംഭവങ്ങളില്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി ന്യൂനപക്ഷ വകുപ്പ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സയിദ് ഷെഹ്‌സാദി വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. കമ്മീഷന്‍ അംഗങ്ങള്‍ സംഭവ സ്ഥലം ഉടന്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ നിന്ന് സര്‍ക്കാരിനേറ്റ തിരിച്ചടി രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ഉള്ള ശ്രമത്തിലാണ് ബിജെപി. കേസ് അട്ടിമറിക്കാന്‍ വേണ്ടിയാണ് മമത പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് എന്ന് പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപി എംപി ദിലീപ് ഘോഷ് ആരോപിച്ചിരുന്നു. അതെ സമയം കേസില്‍ പ്രതിയായ പാര്‍ട്ടി നേതാവിനെ തന്നെ അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണ സംഘം കൃത്യമായ ദിശയിലാണ് അന്വേഷണം മുന്നോട്ട് കൊണ്ട് പോയിരുന്നത് എന്ന വാദമാണ് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്നത്.