ന്യൂഡല്‍ഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടിന്റെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ 2005-2013 കാലയളവിനിടെ 180 തവണ ഇന്ത്യസന്ദര്‍ശിച്ചുവെന്ന് റിപ്പോര്‍ട്ട്.
ഫോറിന്‍ റീജനല്‍ റജിസ്‌ട്രേഷന്‍ ഓഫീസിനെ (എഫ്ആര്‍ആര്‍ഒ) ഉദ്ധരിച്ച് പ്രമുഖ ദേശീയമാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മിഷേലിന്റെ സന്ദര്‍ശനം കൂടുതലും ഡല്‍ഹിയിലേക്കായിരുന്നു.
അഭിനവ് ത്യാഗി എന്നയാളുടെ പേരാണ് ബന്ധപ്പെടാനായി മിഷേല്‍ നല്‍കിയത്. കൂടാതെ ജെ.ബി. സുബ്രഹ്മണ്യം എന്നയാളുടെ പേരും എഫ്ആര്‍ആര്‍ഒ ഓഫീസില്‍ നല്‍കിയിട്ടുണ്ട്.
അഭിനവ് ത്യാഗിയെന്ന വ്യക്തിക്ക് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന വ്യോമസേനാ മുന്‍ മേധാവി എസ്പി ത്യാഗിയുടെ കുടുംബവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ്.
കേസില്‍ എസ്പി ത്യാഗിയുടെ പിതാവിന്റെ സഹോദര പുത്രന്മാരായ സഞ്ജയ്, രാജീവ്, സന്ദീപ് എന്നിവരെയും അഭിഭാഷകന്‍ ഗൗതം ഖെയ്താനെയും സിബിഐ എട്ടു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. എസ്പി ത്യാഗിയെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.