cbi raid in kochi fact

കൊച്ചി: പൊതുമേഖലാ വളം നിര്‍മ്മാണശാലയായ ഫാക്ടിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജയ്‌വീര്‍ ശ്രീവാസ്തവയുടെ കൊച്ചിയിലെ വസതിയിലുള്‍പ്പെടെ 20 കേന്ദ്രങ്ങളില്‍ സി.ബി.ഐ റെയ്ഡ്.

വിലകുറച്ച് ജിപ്‌സം നല്‍കാന്‍ സ്വകാര്യ കമ്പനിയുമായി കരാറുണ്ടാക്കി ഒന്നരക്കോടി രൂപ ഫാക്ടിന് നഷ്ടം വരുത്തിയെന്ന കേസിലാണ് റെയ്ഡ്.

ഇന്ന് രാവിലെ ആറോടെ ഉദ്യോഗമണ്ഡലിലെ ശ്രീവാസ്തവയുടെ ഔദ്യോഗിക വസതിയിലും മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ വീടുകളിലും ഫാക്ടിന്റെ ഓഫീസുകളിലും ഉള്‍പ്പെടെയാണ് റെയ്ഡ് ആരംഭിച്ചത്.

ഫാക്ടില്‍ വളം നിര്‍മ്മിച്ചശേഷം ലഭിക്കുന്ന ഉപ ഉത്പന്നമാണ് ജിപ്‌സം. ജിപ്‌സം കിലോയ്ക്ക് ഒരു നിശ്ചിത നിരക്കുണ്ടെങ്കിലും ഇതിലും കുറച്ച് കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതുവഴി ഫാക്ടിന് ഒന്നര കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.

2014ല്‍ ആയിരുന്നു കരാര്‍ ഒപ്പിട്ടത്. കരാറുമായി ബന്ധപ്പെട്ട രേഖകളും ഇടപാടില്‍ പങ്കാളികളായ ഉദ്യോഗസ്ഥരേയും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് റെയ്ഡ് ആരംഭിച്ചത്.

Top