ന്യൂഡല്‍ഹി: ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിലുള്‍പ്പെടെ 21 ഇടങ്ങളില്‍ സിബിഐ റെയ്ഡ്. ആംആദ്മി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്നാണ് റെയ്ഡ്. സംഭവത്തില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.റെയ്ഡുമായി സഹകരിക്കും. ഉദ്യോഗസ്ഥര്‍ക്ക് തനിക്കെതിരെ ഒരു തെളിവും ലഭിക്കില്ലെന്ന് മനീഷ് സിസോദിയ പറഞ്ഞു.
മുന്‍ എക്‌സൈസ് കമ്മീഷ്ണര്‍ ആരവ ഗോപികൃഷ്ണ ഐഎഎസിനെതിരെയും അന്വേഷണം നടത്തുന്നുണ്ട്. പ്രതിഷേധങ്ങളെ തുടര്‍ന്ന് രണ്ടാം ആംആദ്മി സര്‍ക്കാര്‍ അവതരിപ്പിച്ച മദ്യം പിന്‍വലിച്ചിരുന്നു. ക്രമക്കേടും അഴിമതിയും ആരോപിച്ച് ഡല്‍ഹി ഗവര്‍ണര്‍ വി കെ സക്‌സേന കേന്ദ്ര ഏജന്‍സിയോട് വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മദ്യവില്‍പ്പനയില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ഒഴിവാക്കി പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുമെന്ന നയമാണ് സര്‍ക്കാര്‍ നവംബറില്‍ അവതരിപ്പിച്ചത്. പുതിയ നയം സര്‍ക്കാരിന് വലിയ നഷ്ടമുണ്ടാക്കും, യോഗ്യതയില്ലാത്തവര്‍ മദ്യവില്‍പ്പനയിലേക്ക് കടന്നു വരും, ആംആദ്മി മദ്യ ലോബികളില്‍ നിന്ന് കൈക്കൂലി വാങ്ങി എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. തുടര്‍ന്ന് ജൂലൈ 30ന് സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളിലൂടെ മാത്രമെ മദ്യ വില്‍പ്പന നടത്തുകയുള്ളൂയെന്ന് മനീഷ് സിസോദിയ പ്രഖ്യാപിച്ചു. മദ്യനയത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.