‘പാര്‍ലമെന്റിലെ ചോദ്യത്തിന് കോഴ’; മഹുവാ മോയ്ത്രയുടെ ബംഗാളിലെ വീട്ടില്‍ സിബിഐ റെയ്ഡ്

കൊല്‍ക്കത്ത: ചോദ്യത്തിന് കോഴ ആരോപണ കേസില്‍ മഹുവാ മോയ്ത്രയുടെ വസതിയില്‍ സിബിഐ റെയ്ഡ്. ബംഗാളിലെ വസതിയിലാണ് പരിശോധന. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് ഹിരാ നന്ദാനി ഗ്രുപ്പില്‍ നിന്ന് കോടികള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. പശ്ചിമ ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ മഹുവ മൊയ്ത്രക്കെതിരെ സിബിഐ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

ചോദ്യത്തിന് കോഴ എന്ന ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ഈ ആരോപണത്തില്‍ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഡല്‍ഹിയില്‍ എഎപി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആയിരുന്നു മഹുവ മൊയ്ത്രക്കെതിരെ കേസെടുത്തത്. കേസെടുത്ത് ദിവസങ്ങള്‍ക്കകമാണ് മഹുവാ മോയ്ത്രയുടെ വീട്ടില്‍ സിബിഐ റെയ്ഡിന് എത്തിയിരിക്കുന്നത്.

അദാനി ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്താനായി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുമായി ചേര്‍ന്ന് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെന്നാണ് മഹുവയുടെ മുന്‍ സുഹൃത്ത് ആനന്ത് ദെഹദ്രായി, ബിജെപി എംപി നിഷികാന്ത് ദുബെ എന്നിവര്‍ പരാതി ഉന്നയിച്ചത്. ഇതിലായിരുന്നു പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ പരിശോധന. ലോക്‌സഭാംഗത്വം നഷ്ടമായതിന് പിന്നാലെ മഹുവയ്ക്ക് ഡല്‍ഹിയിലെ ഔദ്യോഗിക വസതിയും ഒഴിയേണ്ടി വന്നിരുന്നു.

Top