സെൻട്രൽ ബ്യൂറോ ഓഫ് ‘ഇഡിയറ്റ്സ്’ ആക്കി സി.ബി.ഐയെ മാറ്റി കേന്ദ്രം . . .

സി.ബി.ഐ എന്നു പറഞ്ഞാല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ് എന്നല്ല സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നാണെന്നും ഒരു സി.ബി.ഐ ഡയറി കുറിപ്പ് സിനിമയില്‍ നടന്‍ ജഗതി പറയുന്നുണ്ട്.

പ്രേക്ഷകര്‍ നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ച ആ മാസ് ഡയലോഗ് തന്നെയാണ് മോദി സര്‍ക്കാറിനെയും ഇപ്പോള്‍ ഓര്‍മ്മിപ്പിക്കാനുള്ളത്. രാജ്യത്തെ സി.ബി.ഐ അടക്കമുള്ള സകല അന്വേഷണ ഏജന്‍സികളിലെയും സത്യസന്ധരായ ഉദ്യോഗസ്ഥരുടെ നിലപാടുകളും ഇതു തന്നെ ആയിരിക്കും.

കേരളത്തില്‍ പിണറായി സര്‍ക്കാര്‍ പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിക്കുന്ന ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇനി മിണ്ടരുത്.

നിങ്ങളുടെ പ്രധാനമന്ത്രിയുടെ പേഴ്സണല്‍ മന്ത്രാലയത്തിന് കീഴില്‍ നേരിട്ട് വരുന്ന സി.ബി.ഐയില്‍ ഇപ്പോള്‍ നടപ്പാക്കുന്ന ഹിഡന്‍ അജണ്ട അവസാനിപ്പിച്ചിട്ടു വേണം കേരള സര്‍ക്കാറിനെ വിമര്‍ശിക്കാന്‍.

രാജ്യത്തെ ഏറ്റവും ശക്തമായ അന്വേഷണ ഏജന്‍സിയായ സി.ബി.ഐയെ യു.പി.എ ഭരണകാലത്തും ഇപ്പോള്‍ ബി.ജെ.പി ഭരണകാലത്തും ഭരണകൂട ഉപകരണമാക്കി മാറ്റുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല.

ഇപ്പോള്‍ പുറത്താക്കപ്പെട്ട സി.ബി.ഐ മേധാവി അലോക് വര്‍മ്മ സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് പേരെടുത്ത ഉദ്യോഗസ്ഥനാണ്. രാജ്യത്ത് കേട്ടുകേള്‍വി ഇല്ലാത്ത നടപടികളാണ് ഇപ്പോള്‍ സി.ബി.ഐ യില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കുകയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത വര്‍മ്മയെ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് തിരിച്ചെത്തിയ ഉടനെ വീണ്ടും പുറത്താക്കിയിരിക്കുകയാണ്.

വര്‍മ്മയെ നീക്കുന്ന കാര്യത്തില്‍ സെലക്ഷന്‍ കമ്മറ്റിക്ക് തീരുമാനമെടുക്കാം എന്ന വിധിയുടെ ചുവട് പിടിച്ചായിരുന്നു തിരക്കിട്ട ഈ നടപടി.

അലോക് വര്‍മ്മ സി.ബി.ഐ തലപ്പത്ത് ഇരിക്കുന്നതിനെ ബി.ജെ.പി ഇത്രയും ഭയക്കുന്നത് എന്തിനാണ് ? മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതൊള്ളൂ എന്ന പഴമൊഴി ഓര്‍ക്കുമ്പോള്‍ ബി.ജെ.പി നീക്കം ഊഹിക്കാവുന്നതേയൊള്ളു.

ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സി.ബി.ഐ കൈവിട്ട് പോകുന്നത് മോദിയുടെയും അമിത് ഷായുടെയും ചങ്കിടിപ്പു കൂട്ടുന്നതാണ്. പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായ രാകേഷ് അസ്താനയെ സി.ബി.ഐ ആസ്ഥാനത്ത് അലോക് വര്‍മ്മക്ക് തൊട്ടു താഴെ പ്രതിഷ്ടിച്ചതിലെ ഉദ്ദേശ ശുദ്ധിയും ഇതിനകം ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. സി.ബി.ഐ തലപ്പത്തെ പോരിനാണ് ഈ നടപടി വഴി കേന്ദ്ര സര്‍ക്കാര്‍ തിരികൊളുത്തിയത്.

വിവാദമായ റഫാല്‍ കരാറില്‍ സി.ബി.ഐ അന്വേഷണ സാഹചര്യമുണ്ടാകുന്നതിനെ എന്തിനാണ് കേന്ദ്രം ഭയക്കുന്നത് ? ഇക്കാര്യത്തില്‍ സി.ബി.ഐ മേധാവിയെ സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും അരുണ്‍ ഷൂരിയും സന്ദര്‍ശിച്ചതിലും എന്താണ് തെറ്റ് ? രാജ്യത്തെ ഏത് പൗരനും ഏത് അന്വേഷണ ഏജന്‍സിയുടെ തലവനെയും നേരിട്ട് കണ്ട് പരാതി പറയാനുള്ള അവകാശമുണ്ട് എന്ന് മറന്നു പോകരുത്.

സി.ബി.ഐയെ കൂട്ടിലടച്ച തത്തയാണെന്ന് യു.പി.എ ഭരണകാലത്ത് സുപ്രീം കോടതി പറഞ്ഞത് ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്.

കേന്ദ്രം ആരു തന്നെ ഭരിച്ചാലും നമ്മുടെ രാജ്യത്തിന്റെ അവസ്ഥ ഇതൊക്കെ തന്നെയാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഒരു ഭരണകൂടവും ഇവിടെ സമ്മതിക്കില്ല.

കൂട് പൊളിച്ച് തത്തയെ പുറത്ത് വിട്ടില്ലെങ്കില്‍ ഇവിടെ അഴിമതിയും അരാജകത്വവും പടരും. അക്കാര്യം ഓര്‍ക്കുന്നത് നന്ന്.

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആലോക് വര്‍മയെ നീക്കിയതിനു പിന്നില്‍ ആയുധമാക്കിയത് കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ കണ്ടെത്തലുകളാണ്. 11 ആരോപണങ്ങളാണ് വര്‍മയ്ക്കെതിരെ ഉയര്‍ന്നത്. ഇവയെക്കുറിച്ചുള്ള വിശദീകരണങ്ങളും ചോദ്യങ്ങളുമായി വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി മല്ലികാര്‍ജുന്‍ ഖര്‍ഗെ എത്തിയെങ്കിലും ഭൂരിപക്ഷ തീരുമാനം അനുസരിച്ച് വര്‍മയെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഒരു പ്രതിയെ തൂക്കിക്കൊല്ലുന്നതിനു മുന്‍പു പോലും അയാള്‍ക്ക് പറയാനുള്ളതു കേള്‍ക്കുന്ന രാജ്യത്ത് അലോക് വര്‍മ്മയുടെ വിശദീകരണം കേള്‍ക്കാതെ ഏകപക്ഷീയമായി നടപടി സ്വീകരിച്ചതും ശരിയായ നടപടിയല്ല.

തന്നോട് ശത്രുതയുള്ള ഉദ്യോഗസ്ഥന്റെ പരാതിയിലാണ് നടപടിയെന്ന അലോക് വര്‍മ്മയുടെ ആരോപണവും ഗൗരവകരമാണ്.

സി.ബി.ഐ തലപ്പത്തെ രണ്ടു ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണത്തില്‍ ഒരു ഉദ്യോഗസ്ഥനെ മാത്രം ബലിയാടാക്കുന്നത് എന്തിനാണെന്ന ചോദ്യത്തിനും തൃപ്തികരമായ മറുപടി ഇതുവരെ ഉണ്ടായിട്ടില്ല.

Express View

Top