ഓറിയന്റല്‍ ബാങ്ക് വായ്പ തട്ടിപ്പ്‌ ; സിംബോഹലി ഷുഗര്‍ കമ്പനിക്കെതിരെ സിബിഐ അന്വേഷണം

simbhaoli sugars

ന്യൂഡല്‍ഹി: ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ബാങ്കില്‍നിന്ന് വായ്പയെടുത്ത സിംബോഹലി ഷുഗര്‍ എന്ന സ്ഥാപനത്തിന് എതിരെയാണ് കേസ്.

ഉത്തര്‍ പ്രദേശിലെ പഞ്ചസാര കമ്പനിയായ സിംബോഹലി ഷുഗര്‍ 109 കോടി തട്ടിച്ചുവെന്നാണ് ആരോപണം. കമ്പനിക്കെതിരെ സിബിഐ ആണ് കേസ് എടുത്തിരിക്കുന്നത്. കരിമ്പ് കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന വ്യാജേന 2011ല്‍ 149 കോടിയുടെ വായ്പയെടുത്ത് ബാങ്കിനെ വഞ്ചിച്ചു വെന്നാണ് പരാതി.

വ്യക്തികള്‍, സ്വയംസഹായ സംഘങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായിരുന്നു വായ്പ എടുത്തത്. റിസര്‍വ് ബാങ്കിന്റെ പദ്ധതി പ്രകാരം കമ്പനിക്ക് കരിമ്പ് നല്‍കുന്ന 5,762 കരിമ്പ് കര്‍ഷകര്‍ക്കാണ് ഈ തുക നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ 109 കോടി രൂപയാണ് തട്ടിപ്പ് നടത്തി കമ്പനി സ്വന്തമാക്കിയതെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

സിബിഐക്കാണ് ബാങ്ക് ഇതു സംബന്ധിച്ച പരാതി നല്‍കിയത്. 2017 നവംബറിലാണ് ബാങ്ക് തട്ടിപ്പ് അരോപിച്ച് പരാതി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ്, നോയ്ഡ, ഡല്‍ഹി എന്നിവിടങ്ങളിലായി എട്ട് സ്ഥലങ്ങളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു.

ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിംബോഹലി ഷുഗര്‍സിന്റെ ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍, ചീഫ് എക്‌സിക്യൂട്ടീവ്, ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 2015ല്‍ ഇതേ സ്ഥാപനത്തിന് 110 കോടി രൂപ കോര്‍പ്പറേറ്റ് വായ്പ അനുവദിച്ചിരുന്നു. പിന്നീട് 18 മാസങ്ങള്‍ക്ക് ശേഷം ഇത് കിട്ടാകടമായി മാറുകയായിരുന്നു.

പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് നീരവ് മോദി 11,300 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന വാര്‍ത്തകള്‍ക്ക്‌
പിന്നാലെയാണ് പുതിയ കേസ് പുറത്തു വന്നിരിക്കുന്നത്.

Top