കുട്ടിക്കടത്തിൽ യഥാർത്ഥ ‘വില്ലൻമാർ’ ക്രൈം ബ്രാഞ്ച്, ‘ആവി’യായത് നുണക്കഥ

കുട്ടിക്കടത്ത് ആരോപിച്ച് കുട്ടികളെ പോലും വേട്ടയാടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണം. പേരിനും പ്രശസ്തിക്കും വേണ്ടി ഏത് ഉദ്യോഗസ്ഥനും എന്തും കാണിക്കാം എന്ന അവസ്ഥ സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനകരമാണ്. നിയമവാഴ്ച തകര്‍ക്കുന്ന ഏര്‍പ്പാടാണിത്.

കുട്ടിക്കടത്ത്‌ ആരോപിച്ച് കേരളത്തിലെ ക്രൈംബ്രാഞ്ച് പരിശോധന നടത്തി അപമാനിച്ചത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കൂടിയാണ്.

കുട്ടിക്കടത്തിലെ നേരറിയാന്‍ എത്തിയ സി.ബി.ഐ ഇപ്പോള്‍ നേരറിഞ്ഞു കഴിഞ്ഞു. ഇനി വേണ്ടത് നടപടിയാണ്. കുട്ടികളെ അടക്കം ഭയപ്പെടുത്തി ചോദ്യം ചെയ്ത ഒരു ഉദ്യോഗസ്ഥനെയും വെറുതെ വിടാന്‍ പാടുള്ളതല്ല.

റെയില്‍വെ സ്റ്റേഷനുകളില്‍പ്പോലും കുട്ടികളെ പിടികൂടി തിരിച്ചയക്കുകയും യതീംഖാനകളെയടക്കം വേട്ടയാടിയവര്‍ക്കുമെതിരെയാണ് ഇനി യഥാര്‍ത്ഥത്തില്‍ അന്വേഷണം വേണ്ടത് .

ക്രൈംബ്രാഞ്ചിനെ ഇത്തരം നിലപാടുകളിലേക്ക് നയിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഘടകമെന്താണ് എന്നതും അറിഞ്ഞേ പറ്റൂ. ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാറിന് കീഴിലെ പ്രധാന അന്വേഷണ ഏജന്‍സി തന്നെയാണ് ഇപ്പോള്‍ കേസ് അവസാനിപ്പിച്ചിരിക്കുന്നത്. ഈ കേസില്‍ എന്തെങ്കിലും കഴമ്പുണ്ടായിരുന്നു എങ്കില്‍ സി.ബി.ഐ ഒരിക്കലും വെറുതെ വിടില്ലായിരുന്നു എന്ന കാര്യം കൂടി നാം ഓര്‍ക്കണം

അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെത്തിയത് അവരുടെ രക്ഷിതാക്കളുടെ സമ്മതപ്രകാരം വിദ്യാഭ്യാസത്തിനാണെന്നാണ് സിബിഐ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധമായി സി.ബി.ഐ ന്യൂഡല്‍ഹി യൂണിറ്റാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

2014 മെയ് 24, 25 തിയ്യതികളില്‍ ബീഹാര്‍, ബംഗാള്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നും മുക്കം, വെട്ടത്തൂര്‍ യതീംഖാനകളിലേക്കെത്തിയ 578 കുട്ടികളെ പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ റെയില്‍വെ പോലീസ് തടഞ്ഞ് വെച്ച് രജിസ്റ്റര്‍ ചെയ്ത കേസാണ് കളവാണെന്നിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളടക്കം പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കുട്ടികളെ അന്ന് തടഞ്ഞുവെച്ചിരുന്നത്. തുടര്‍ന്ന് കുട്ടികളെ കൊണ്ടുവന്ന ബീഹാര്‍ സ്വദേശികളായ അബ്ദുല്‍ഹാദി അന്‍സാരി, ഹഫീസ് ഘോഷ്, മുഹമ്മദ് ആലംഗീര്‍, മുഹമ്മദ് ഇദ്രീസ് ആലം, മൗലാന ഫയാല്‍ മുല്ല, ജാര്‍ഖണ്ഡ് സ്വദേശി വിശ്വാസ് കനി, പശ്ചിമബംഗാള്‍ സ്വദേശികളായ മന്‍സൂര്‍, ബക്കര്‍, ദോഷ് മുഹമ്മദ്, ജഷീര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസാണ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നത്. ക്രൈം ബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണമെല്ലാം നടന്നിരുന്നത്.

ഈ അന്വേഷണത്തിനിടെയാണ് കുട്ടിക്കടത്തും, തീവ്രവാദ പരിശലനത്തിനായി കേരളത്തിലേക്ക് കുട്ടികളെ കടത്തുന്നതായുമെല്ലാമുള്ള വാര്‍ത്തകളും പ്രചരിപ്പിച്ചിരുന്നത്.

മുക്കം ഓര്‍ഫനേജില്‍ പരിശോധനക്കെത്തിയ ഐ.ജി പരാതിനല്‍കാന്‍ കുട്ടികളെ നിര്‍ബന്ധിച്ചതായും യതീംഖാന ഭാരവാഹികളെ ഭീഷണിപ്പെടുത്തിയതായും അന്നു തന്നെ പരാതി ഉയര്‍ന്നിരുന്നു. ദേശീയ മാധ്യമങ്ങളില്‍ വരെ കേരളത്തിലെ യതീംഖാനകളിലേക്ക് കുട്ടികളെ കടത്തുന്നതായ വാര്‍ത്തകള്‍ വലിയ വിവാദമാണ് സൃഷ്ടിച്ചിരുന്നത്.

ഇതോടെയാണ് ഇതര സംസ്ഥാനങ്ങള്‍കൂടി ബന്ധപ്പെട്ട കേസെന്ന പരിഗണന നല്‍കി ഹൈക്കോടതി ഇടപെട്ട് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.

കുട്ടിക്കടത്ത് ആരോപിച്ച് മുക്കം ഓര്‍ഫനേജിലെ 21 ഭാരവാഹികള്‍ക്കെതിരെ ജാര്‍ഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ജാര്‍ഖണ്ഡ് ഹൈക്കോടതി തന്നെയാണ് മുന്‍പ് റദ്ദാക്കിയിരുന്നത്.

കുട്ടികളെ കേരളത്തിലേക്ക് കൊണ്ട് വന്നത് പഠിപ്പിക്കാനാണെന്നും കുട്ടിക്കടത്തല്ലെന്നും എന്‍.ഡി.എ ഭരണമുള്ള ബീഹാര്‍ സര്‍ക്കാരും നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യം സുപ്രീം കോടതിയില്‍ സത്യവാങ്മൂലമായി തന്നെ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട് ഇതിനു പിന്നാലെയാണിപ്പോള്‍ സി.ബി.ഐയും അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നത്.

ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേക്ക് കുട്ടികള്‍ എത്തിയത് പഠനത്തിനാണെന്നും രക്ഷിതാക്കളുടെ അനുമതിയോടെയാണ് ഇവരെ കൊണ്ടുവന്നെതെന്നുമാണ് സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. സൗജന്യ ഭക്ഷണവും വസ്ത്രങ്ങളും പഠനോപകരണങ്ങള്‍ അടക്കമുള്ള സൗകര്യങ്ങളും യതീംഖാനയില്‍ കുട്ടികള്‍ക്ക് ലഭിച്ചിരുന്നതായും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളില്‍ പ്രവേശിപ്പിക്കാമെന്ന് കേരള സാമൂഹിക നീതി വകുപ്പ് 2013 ജൂണ്‍ 22ന് ഇറക്കിയ ഉത്തരവുള്ളതായും ഈ സാഹചര്യത്തില്‍ കുട്ടിക്കടത്താണെന്ന് പറയാനാവില്ലെന്നുമാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തെ തള്ളി സി.ബി.ഐ വ്യക്തമാക്കിയിരിക്കുന്നത്.

യതീംഖാനകളില്‍ കുട്ടികളെ ദുരുപയോഗം ചെയ്യുകയോ പീഢിപ്പിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നും കുട്ടികള്‍ പഠിക്കുന്നതില്‍ രക്ഷിതാക്കള്‍ തൃപ്തരാണെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സി.ബി.ഐ ഡല്‍ഹി യൂണിറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് നീലം സിങാണ് കേസന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ഉത്തരേന്ത്യയിലെ പട്ടിണിയും പരിവട്ടവുമുള്ള ദരിദ്ര പശ്ചാത്തലത്തിലുള്ള കുടുംബത്തിലെ കുട്ടികളെ കണ്ടെത്തി അവരെ സൗജന്യമായി ഏറ്റെടുത്ത് പഠിപ്പിക്കുക എന്ന സല്‍ക്കര്‍മ്മമാണ് മുക്കം യതീംഖാനകളടക്കമുള്ളവ ചെയ്ത് വന്നിരുന്നത്.

ആ നന്‍മ കാണാതെ അതില്‍ തീവ്രവാദവും, വിദേശ ഫണ്ടും ,പീഢനവും ,തട്ടിപ്പുമടക്കമുള്ള നട്ടാല്‍ മുളക്കാത്ത നുണകള്‍ പറഞ്ഞാണ് ക്രൈം ബ്രാഞ്ച് അടച്ചാക്ഷേപിച്ചിരുന്നത്. മാധ്യമങ്ങള്‍ക്ക് വാര്‍ത്താ ‘വിഭവം’ ഒരുക്കി നല്‍കുന്നതിനായി നിരവധി ഇല്ലാക്കഥകളാണ് ക്രൈം ബ്രാഞ്ച് സംഘം പടച്ചുവിട്ടിരുന്നത്. ഇതോടെ ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ അനാഥാലയങ്ങളിലേക്കുള്ള കുട്ടികളുടെ വരവാണ് പാടെ നിലച്ചിരുന്നത്. ആയിരക്കണക്കിന് കുട്ടികളുടെ പഠനാവകാശമാണ് ഈ നുണക്കഥകളില്‍ കുരുങ്ങി ഇതിനകം തന്നെ നഷ്ടമായിരിക്കുന്നത്.

കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിദ്യാര്‍ത്ഥി സംഘടനകളും അനാഥാലയങ്ങളിലേക്ക് കുട്ടിക്കടത്തെന്ന ക്രൈം ബ്രാഞ്ച് കഥ കണ്ണടച്ച് വിശ്വസിക്കുന്ന സാഹചര്യവും അന്നുണ്ടായിരുന്നു.

ഇപ്പോള്‍ സി.ബി.ഐ തന്നെ യതീംഖാന കേസ് കുട്ടിക്കടത്തല്ലെന്ന് അസന്നിഗ്ദമായി തെളിയച്ചതോടെ നാണംകെട്ടതിപ്പോള്‍ കേരളമാണ്, ഇവിടുത്തെ നിയമ സംവിധാനങ്ങളുമാണ്.

കേരളീയ സമൂഹത്തോടും പഠാനാവകാശം നഷ്ടമായ ആയിരക്കണക്കിന് കുട്ടികളോടും മാപ്പുപറയേണ്ടത് ഇനി കേരളാ പൊലീസിന്റെ കടമയാണ്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചു വേണം ആ കടമ നിര്‍വ്വഹിക്കാന്‍. ഇക്കാര്യത്തില്‍ നിയമ നടപടി സ്വീകരിക്കാന്‍ അപമാനിക്കപ്പെട്ട സ്ഥാപനങ്ങളും തയ്യാറാവണം. മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്. കുട്ടിക്കടത്ത് തീവ്രവാദമാക്കി ആഘോഷിച്ച ഈ വിഭാഗവും പറ്റിയ തെറ്റ് തുറന്ന് പറഞ്ഞ് തിരുത്താനാണ് ഇനിയെങ്കിലും തയ്യാറാവേണ്ടത്.

Staff Reporter

Top