മനീഷ് സിസോദിയ സമാന്തര ഇന്റലിജൻസ് സംഘം രൂപീകരിച്ച് വിവരങ്ങൾ ചോര്‍ത്തിയെന്ന് സിബിഐ; പുതിയ കേസ്

ദില്ലി: മനീഷ് സിസോദിയക്ക് എതിരെ സിബിഐ പുതിയ കേസ് രജിസ്റ്റർ ചെയ്തു. ആംആദ്മി പാർട്ടി ദില്ലിയിൽ അധികാരത്തിൽ വന്നതിന് പിന്നാലെ സമാന്തര ഇന്റലിജൻസ് സംഘത്തെ രൂപീകരിച്ചു നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ചോർത്തി എന്നാണ് കേസ്. കേസെടുത്തു അന്വേഷണം നടത്താൻ നേരത്തെ കേന്ദ്ര അഭ്യന്തര മന്ത്രാലയം സിബിഐക്ക് അനുമതി നൽകിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം ആണ് നടപടി. വിരമിച്ച കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ചു രഹസ്യ സംഘം വർഷങ്ങളോളം പ്രവർത്തിച്ചു എന്നാണ് കണ്ടെത്തൽ. സംഘത്തിന്റെ പ്രവർത്തനത്തിന് ഒരു കോടി രൂപ ഖജനാവിൽ നിന്നും അനുവദിച്ചു എന്നും കണ്ടെത്തിയിരുന്നു.

അതിനിടെ ദില്ലി മദ്യ നയകേസിൽ ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ. കവിത ഇന്ന് ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നിൽ ഹാജരായില്ല. ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിനെതിരായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി ആണ് ഹാജരാകാതിരുന്നത്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായും ഇഡിയെ അഭിഭാഷകൻ വഴി അറിയിച്ചു. ആവശ്യപ്പെട്ട രേഖകൾ ഇന്ന് കവിതയുടെ അഭിഭാഷകൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. അതേസമയം കവിതയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് ബുച്ചി ബാബുവിനെ ഇ ഡി ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുകയാണ്.

Top