തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട അനുജന്‍ ശ്രീജിവിന്‌റെ മരണം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരം 765 ദിവസത്തിലേയ്ക്ക് എത്തുമ്പോള്‍ യുവാവിന് പിന്തുണയുമായി സൈബര്‍ ലോകവും. സാധാരണക്കാരനായ ശ്രീജിത്തിന് വേണ്ടി തുടങ്ങിയ ഹാഷ് ടാഗ് പ്രചരണം ഇന്ന് തലസ്ഥാനത്തേയ്ക്ക് ഇറങ്ങുകയാണ്.
ആയിരക്കണക്കിന് പേര്‍ ശ്രീജിത്തിന് പിന്തുണയുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ എത്താന്‍ സാധ്യതയുണ്ട്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ജാഥയ്ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്.
ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗ് ക്യാമ്പയിന് തുടക്കമിട്ട ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. 11 മണിക്കാണ് കൂട്ടായ്മ അണി ചേരുക. എന്നാല്‍ സംഭവത്തില്‍ കഴിഞ്ഞ ദിവസം കേസ് ഏറ്റെടുക്കാനാകില്ലെന്ന സിബിഐ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു.