കണ്ണൂര്‍: ബി.ജെ.പി പ്രവര്‍ത്തകനായ കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജിനെ വധിച്ച കേസില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സി.ബി.ഐ നോട്ടീസ് അയച്ചു.
ഇന്നാണ് ഹാജരാകാന്‍ നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും ശാരീരികാസ്വസ്ഥതകള്‍ മൂലം ഹാജരാകാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍ മുഖേന ജയരാജന്‍ സി.ബി.ഐയെ അറിയിച്ചു.
കേസില്‍ ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹൈക്കോടതി അത് തള്ളിയിരുന്നു. നേരത്തെ തിരുവനന്തപുരം സി.ബി.ഐ ഓഫീസില്‍ വിളിച്ചു വരുത്തി ഒരു ദിവസം മുഴുവന്‍ ജയരാജന്റെ മൊഴിയെടുത്തിരുന്നു.
2014 സെപ്തംബര്‍ ഒന്നിനാണ് വീട്ടില്‍ നിന്ന് കാറില്‍ തലശേരിക്കുള്ള യാത്രയ്ക്കിടെ മനോജ് കൊല്ലപ്പെട്ടത്. ജയരാജന്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.