ന്യൂഡല്‍ഹി: സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ എം. നാഗേശ്വര റാവുവിന് സുപ്രീംകോടതി ശിക്ഷ വിധിച്ചു.
കോടതി പിരിയുന്നത് വരെ ഒരു ദിവസം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. സിബിഐ ഡയറക്ടറായിരുന്ന ആളെ ഒരു ദിവസത്തേക്ക് തടവിന് ശിക്ഷിക്കുന്നത് ഇതാദ്യമായിട്ടാണ്.
കോടതി അലക്ഷ്യത്തിന് മാപ്പു പറഞ്ഞിട്ടും നാഗേശ്വര റാവുവിനെതിരെ കോടതി നടപടി സ്വീകരിക്കുകയായിരുന്നു. അറ്റോണി ജനറല്‍ കെ.കെ വേണു ഗോപാലാണ് ഹാജരായത്. കോടതി അലക്ഷ്യത്തിന് കേസ് എടുത്തിരിക്കുന്ന ഒരാള്‍ക്ക് വേണ്ടി എന്തിന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായതെന്ന് കോടതി ചോദിച്ചു. എന്നാല്‍ ഇതിന് കെ കെ വേണുഗോപാല്‍ മറുപടി നല്‍കിയിരുന്നില്ല.
സുപ്രീംകോടതിയുടെ ഉത്തരവ് നിലനില്‍ക്കേ, ബിഹാറിലെ മുസഫര്‍പൂര്‍ ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ നടന്ന ബാലപീഡനക്കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ടാണ് നാഗേശ്വര റാവുവിനെതിരെ കേസ് എടുത്തത്.
തുടര്‍ന്ന് നാഗേശ്വര്‍ റാവു സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍, നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന കോടതി വിലക്കുണ്ടായിട്ടും നാഗേശ്വര്‍ റാവു സിബിഐ തലപ്പത്ത് അഴിച്ചുപണി നടത്തിയതിനെതിരെയും സുപ്രീംകോടതി ആഞ്ഞടിച്ചു.