ഉന്നാവോ അപകടം; കേസ് ലഖ്‌നൗ കോടതിയില്‍ തന്നെ തുടരണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉന്നാവോ അപകടം സംബന്ധിച്ച കേസ് ലഖ്നൗ കോടതിയില്‍ തന്നെ തുടരാന്‍ സുപ്രീംകോടതി ഉത്തരവ്. സിബിഐയുടെ ആവശ്യപ്രകാരമാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

കേസ് ഡല്‍ഹി കോടതിയിലേയ്ക്ക് മാറ്റിയാല്‍ അന്വേഷണത്തെ ബാധിക്കുന്നതോടൊപ്പം പ്രതികളുടെ കസ്റ്റഡിയെയും ബാധിക്കുമെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. കേസ് പൂര്‍ത്തിയാകുമ്പോള്‍ ഡല്‍ഹി കോടതിയിലേയ്ക്ക് മാറ്റും. പെണ്‍ക്കുട്ടിയുടെ അമ്മാവനെ തിഹാര്‍ ജയിലിലേയ്ക്ക് മാറ്റാനും തീരുമാനമായി.

അതേസമയം, വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ലഖ്നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പെണ്‍കുട്ടി ഇപ്പോള്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈ കാലുകള്‍ ചലിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്നും ആശുപത്രിയിലെ ട്രോമാ കെയര്‍ വിഭാഗം തലവന്‍ സന്ദീപ് തിവാരി പറഞ്ഞു.

ഉന്നാവോ പെണ്‍ക്കുട്ടിയുടെ ചികിത്സ ലഖ്‌നൗവില്‍ തന്നെ തുടരട്ടെയെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചായിരുന്നു കോടതിവിധി. പെണ്‍ക്കുട്ടിയെ ഉടന്‍ ഡല്‍ഹിയിലേയ്ക്ക് മാറ്റാന്‍ താത്പര്യമില്ലെന്ന കുടുംബത്തിന്റെ താത്പര്യം പരിഗണിച്ചായിരുന്നു കോടതിവിധി. പെണ്‍ക്കുട്ടിക്ക് ലഖ്നൗവില്‍ നല്ല ചികിത്സ കിട്ടുന്നുണ്ടെന്നാണ് കുടുംബം അറിയിച്ചത്.

കുടുംബം ആഗ്രഹിക്കുന്നെങ്കില്‍ പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റാമെന്ന് ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ബന്ധുക്കളുമായി സംസാരിച്ച ശേഷം നിലപാട് അറിയിക്കാന്‍ അമിക്കസ് ക്യൂറിയും മുതിര്‍ന്ന അഭിഭാഷകനുമായ വി.ഗിരിയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Top