കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് സിബിഐ ഏറ്റെടുത്തു; കേസിന്റെ എഫ്ഐആര്‍ സമര്‍പ്പിച്ചു

കൊച്ചി: കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് സിബിഐ ഏറ്റെടുത്തു. കൊച്ചി സിബിഐ കോടതിയില്‍ കേസിന്റെ എഫ്ഐആര്‍ സമര്‍പ്പിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ എംപി റിജിലിനെ പ്രതിയാക്കിയാണ് കേസ്. കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്നുള്‍പ്പെടെ 12.81 കോടി തട്ടിയെന്ന് കാണിച്ചാണ് കേസെടുത്തിരുന്നത്.

കോര്‍പ്പറേഷന്റെ ഓഡിറ്റിങ്ങിലാണ് പണം നഷ്ട്ടപ്പെട്ടതായി കണ്ടെത്തിയത്. 98 ലക്ഷം രൂപയാണ് റിജില്‍ തട്ടിയെടുത്തതെന്നായിരുന്നു ബാങ്ക് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ വിശദമായി അന്വേഷിച്ചപ്പോള്‍ 2.53 കോടി രൂപയുടെ തിരിമറി നടത്തിയതായി സ്ഥിരീകരിച്ചു. പിന്നീട് ബാങ്ക് ഈ തുക കോര്‍പ്പറേഷന് തിരികെ നല്‍കിയിരുന്നു. തട്ടിപ്പിനെ തുടര്‍ന്ന് അക്കൗണ്ടില്‍ പണം ഇല്ലാതിരുന്ന സമയത്ത് കോര്‍പ്പറേഷന് ലഭിക്കേണ്ടിയിരുന്ന പലിശയും ബാങ്ക് തിരികെ നല്‍കി.

വ്യക്തികളുടെത് ഉള്‍പ്പെടെ 17 ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 21 കോടിയിലേറെ രൂപയാണ് റിജില്‍ തിരിമറി നടത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വിവിധ അക്കൗണ്ടുകളിലെ പണം റിജില്‍ ഇതേ ബാങ്കിലുള്ള പിതാവിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും പിന്നീട് ആക്സിസ് ബാങ്കിലുള്ള സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയുമാണ് പണം തട്ടിയെടുത്തത്. തട്ടിപ്പിന് പിന്നില്‍ റിജില്‍ മാത്രമാണെന്ന് ക്രൈംബ്രാഞ്ച് നിഗമനത്തിലെത്തിയിരുന്നു.

Top