നീരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ യുകെയോടും ഇന്റര്‍പോളിനോടും ആവശ്യപ്പെടും: സി ബി ഐ

ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ യു കെ അധികൃതരോടും ഇന്റര്‍പോളിനോടും സി ബി ഐ ആവശ്യപ്പെടാന്‍ ഒരുങ്ങുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനു പിന്നാലെ ഇന്ത്യവിട്ട നീരവ് ലണ്ടനിലാണ് താമസിക്കുന്നതെന്നുള്ള വിവരം കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. നീരവ് മോദിക്കെതിരെ നേരത്തെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ നീരവിനെതിരായ നടപടികള്‍ ഉടന്‍ കൈക്കൊള്ളാന്‍ യു കെ അധികൃതരോടും ഇന്റര്‍പോളിനോടും സി ബി ഐ ആവശ്യപ്പെടുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.വ്യാജരേഖ ചമച്ച് മറ്റു രാജ്യങ്ങളിലേക്ക് നീരവ് കടക്കാനുള്ള സാധ്യതയുള്ളതിനാല്‍ അത്തരമൊരു അവസരം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കണമെന്നും സി ബി ഐ ഇന്റര്‍പോളിനോടും ബ്രിട്ടീഷ് അധികൃരോടും ആവശ്യപ്പെടും.

നീരവ് ലണ്ടനിലാണ് താമസിക്കുന്നതെന്നുള്ള വിവരം കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ലണ്ടനില്‍ ഉള്ള നീരവ് ബിനാമി പേരില്‍ ഇപ്പോഴും വജ്ര വ്യാപാരം തുടരുന്നതായും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ലണ്ടന്‍ വെസ്റ്റ് എന്‍ഡിലെ ആഡംബര കെട്ടിട സമുച്ചയമായ സെന്റര്‍ പോയിന്റ് ടവറിലാണ് നീരവ് മോദിയുടെ താമസമെന്നും ഇതിന്റെ വാടക ഒരു മാസം ഏകദേശം 17,000 യൂറോ (15 ലക്ഷം രൂപ) വരുമെന്നുമുള്ള വിവരങ്ങളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ലണ്ടനില്‍വെച്ച് നീരവുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല എന്നും ചോദ്യങ്ങള്‍ക്ക് ‘നോ കമന്റ്സ്’ എന്നുമാത്രമാണ് മറുപടി നല്‍കിയതെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം നീരവ് യു കെയിലുണ്ടെന്ന കാര്യം 2018 ഓഗസ്റ്റില്‍ തന്നെ അധികൃതരെ അറിയിച്ചതാണ്. എന്നാല്‍ എവിടാണുള്ളതെന്ന് വ്യക്തമായി അറിയില്ലായിരുന്നു. അഭിഭാഷകരും മറ്റുമായുള്ള കൂടിക്കാഴ്ചകളുടെ ഭാഗമായി നീരവ്, നിരവധി യൂറോപ്യന്‍ യാത്രകള്‍ നടത്തിയിരുന്നതായും ഇന്ത്യക്ക് അറിയാമായിരുന്നെന്നും സി ബി ഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Top