ദില്ലി: ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഗൂഢാലോചന സിബിഐ അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട ജയിന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി കണക്കാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന നമ്പി നാരായണന്റെ ആവശ്യം കോടതി തള്ളി.
റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ സൂക്ഷിക്കും. ഇത് സിബിഐക്ക് നല്‍കുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് സിബി മാത്യൂസിന്റെ അഭിഭാഷകന്‍ പറഞ്ഞു. റിപ്പോര്‍ട് മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് സിബി മാത്യൂസ് പറഞ്ഞു.
ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ സിബിഐക്ക് അന്വേഷണ ആവശ്യത്തിനായി നല്‍കും. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനുള്ളതല്ല. സിബിഐക്ക് റിപ്പോര്‍ട്ട് നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാരും ആവശ്യപ്പെട്ടെങ്കിലും ഇതുംതള്ളി.
റിപ്പോര്‍ടില്‍ ഉചിതമായ നടപടി വേണ്ടിവരുമെന്ന് ജസ്റ്റിസ് ഖാന്‍വീല്‍ക്കര്‍ പറഞ്ഞു. സിബിഐ ഡറക്ടര്‍ക്കോ, സിബിഐ ആക്ടിറിംഗ് ഡയറക്ടര്‍ക്കോ റിപ്പോര്‍ട് കൈമാറാന്‍ നിര്‍ദ്ദേശം നല്‍കി. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കില്ല. അടുത്ത മൂന്ന് മാസത്തിനകം സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.