ദില്ലി: സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ മെഹുൽ ചോക്സിക്കെതിരായ റെഡ് കോർണർ നോട്ടീസ് പുനഃസ്ഥാപിക്കാനുള്ള നടപടി തുടങ്ങിയെന്ന് സിബിഐ. മെഹുൽ ചോക്സിയെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള നടപടികൾ തുടരുമെന്നും, ഇന്റർപോളിന്റെ ഇപ്പോഴത്തെ നടപടി ഇതിന് തടസമാകില്ലെന്നും സിബിഐ പ്രസ്താവനയിൽ അറിയിച്ചു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്ന സർക്കാർ സുഹൃത്തുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു.
കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നിർണായക ഘട്ടത്തിലെത്തി നിൽക്കേയാണ് ഇന്റർപോളിന്റെ നടപടി. ഇത് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കനത്ത തിരിച്ചടിയാണ്. ചോക്സിക്കെതിരെ 2018ലാണ് ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. തുടർന്ന് 2018 ലും 2020 ലും നോട്ടീസ് പിൻവലിക്കാൻ ചോക്സി അപേക്ഷ നൽകിയെങ്കിലും തള്ളുകയായിരുന്നു. കഴിഞ്ഞ ജൂലൈയിൽ വീണ്ടും അപേക്ഷ നൽകി, തന്നെ ആന്റിഗ്വയില്‍ നിന്നും ഡൊമിനിക്കയിലേക്ക് ഇന്ത്യയിൽനിന്നെത്തിയ ഉദ്യോഗസ്ഥർ തട്ടിക്കൊണ്ടുപോയെന്നും, ഇന്ത്യയിലേക്ക് കൊണ്ടുപോയാല്‍ സുതാര്യമായ വിചാരണ നടപടികൾ നടക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മെഹുൽ ചോക്സിയുടെ അപേക്ഷ. ഈ അപേക്ഷയിലാണ് കമ്മീഷൻ ഫോർ കണ്ട്രോൾ ഓഫ് ഇന്റർപോൾസ് ഫയൽസ് അഥവാ സിസിഎഫ് കഴിഞ്ഞ ദിവസം നോട്ടീസ് പിൻവലിച്ചത്. ഇതോടെ ആന്റിഗ്വയിൽ തുടരുന്നതിന് മെഹുൽ ചോക്സിക്ക് നിയമതടസമില്ല.
അതേസമയം ഇന്റർപോളിനെ തെറ്റിദ്ധരിപ്പിച്ചാണ് മെഹുൽ ചോക്സി റെഡ് കോർണർ നോട്ടീസ് പിൻവലിപ്പിച്ചത്, നടപടി ഇന്ത്യയിലെ നിയമനടപടികളെ ഒരുതരത്തിലും ബാധിക്കില്ലെന്നും സിബിഐ പ്രസ്താവനയിൽ വ്യക്തമാക്കി. നടപടികൾ പൂർത്തിയാകുന്നത് നീണ്ടാൽ അതും ചോക്സിക്ക് ഗുണമാകും. മെഹുൽ ചോക്സി ഇപ്പോൾ കഴിയുന്നത് ആന്റിഗ്വയിലാണെന്നാണ് സിബിഐ പറയുന്നത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ രാഷ്ട്രീയ ആയുധമാക്കി. പ്രതിപക്ഷത്തിനെ വേട്ടയാടാൻ ഇഡിയെയും സിബിഐയും വിടുന്ന കേന്ദ്രം സുഹൃത്തുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. മെഹുൽ ചോക്സിക്കെതിരായ കേസ് ഒത്തുതീർപ്പായെന്ന് മറ്റ് കോൺഗ്രസ് നേതാക്കളും പരിഹസിച്ചു. ഉറ്റ സുഹൃത്തുക്കളായ അദാനനിക്കും മെഹുൽ ചോക്സിക്കും വേണ്ടിയാണ് ബിജെപി പ്രവർത്തിക്കുന്നതെന്ന് മമത ബാനർജി പറഞ്ഞു. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 11,653 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ മെഹുൽ ചോക്സിക്കെതിരെ ഇഡിയും സിബിഐയും കേസെടുത്തിട്ടുണ്ട്.