ശാരദചിട്ടിതട്ടിപ്പ് കേസ്; മമതയുടെ വിശ്വസ്തനായ രാജീവ് കുമാറിനായി സിബിഐ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

കൊല്‍ക്കത്ത: ശാരദചിട്ടിതട്ടിപ്പ് കേസില്‍ മമതയുടെ വിശ്വസ്തനും കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മീഷണറുമായ രാജീവ് കുമാറിനായി സിബിഐ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇതിനായി രണ്ട് പ്രത്യേകസംഘത്തെ സിബിഐ നിയോഗിച്ചു.

നേരത്തെ രാജീവ് കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ അലിപൂര്‍ കോടതി തള്ളിയിരുന്നു. രാജീവ് കുമാറിനെതിരെ വ്യക്തമായ തെളിവുകള്‍ ഉള്ളതായി സിബിഐ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ സിബിഐ രണ്ടു വട്ടം രാജീവ് കുമാറിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

1989 പശ്ചിമ ബംഗാള്‍ കേഡര്‍ ഐപിഎസ് ഉദ്ദ്യോഗസ്ഥനായ രാജീവ് കുമാറിനായിരുന്നു ശാരദ ചിട്ടി തട്ടിപ്പു കേസിന്റെ പ്രത്യേക അന്വേഷണ ചുമതല ഉണ്ടായിരുന്നത്.

സമൂഹത്തിലെ പ്രമുഖര്‍ ഉള്‍പ്പെട്ട 200 ഓളം കമ്പനികളുടെ കണ്‍സോഷ്യമായിരുന്നു ചിട്ടി കമ്പനിക്ക് പിന്നില്‍. അന്താരാഷ്ട്ര പണമിടപാടും രാഷ്ട്രീയ ബന്ധവും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയാണ് ചിട്ടിതട്ടിപ്പ് കേസ് അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചത്.

സുപ്രീം കോടതി തന്നെ നിര്‍ദേശിച്ച്‌ കേസ് സിബിഐ ഏറ്റെടുത്തപ്പോള്‍ കേസ് ഡയറിയും ഫയലുകളും രാജീവ് കുമാര്‍ കൈമാറിയില്ലെന്ന് ആരോപണമുണ്ടായിരുന്നു. കേസ് മമത സര്‍ക്കാറിനെതിരായ വലിയ രാഷ്ട്രീയ ആയുധമായി പ്രതിപക്ഷം ഉയര്‍ത്തി കാട്ടിയിരുന്നു. പിന്നീട് രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐയെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു.

Top