ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത് , പന്തണ്ട് ക്ലാസ് പരീക്ഷകള്‍ ജൂലൈ 1 മുതല്‍ 15 വരെയുള്ള തീയതികളില്‍ നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പരീക്ഷകള്‍ നിര്‍ത്തിവച്ചിരുന്നു. കോളജ് അഡ്മിഷന് അനിവാര്യമായ 29 വിഷയങ്ങളിലാകും സിബിഎസ്ഇ പരീക്ഷകള്‍ നടത്തുക.
ബിസിനസ് സ്റ്റഡീസ്, ഭൂമിശാസ്ത്രം, ഹിന്ദി (കോര്‍), ഹിന്ദി (ഇലക്ടീവ്), ഹോം സയന്‍സ്, സോഷ്യോളജി, കമ്പ്യൂട്ടര്‍ സയന്‍സ് (പഴയത്), കമ്പ്യൂട്ടര്‍ സയന്‍സ് (പുതിയത്), ഐപി, ഐടി, ബയോ ടെക്നോളജി തുടങ്ങിയ വിഷയങ്ങളിലാകും സിബിഎസ്ഇ പ്ലസ് ടു പരീക്ഷ. മറ്റ് പരീക്ഷകള്‍ക്കുള്ള തീയതിയും കേന്ദ്ര മന്ത്രി രമേഷ് പൊഖ്രിയാല്‍ പ്രഖ്യാപിച്ചു.
ജെഇഇ മെയിന്‍ ജൂലൈ 18നും 23നും ഇടയില്‍ നടത്തും. ജൂലൈ 26ന് നീറ്റ് പരീക്ഷ നടത്താന്‍ തീരുമാനമായി. ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ ഓഗസ്റ്റ് 23ന് നടക്കും. യുജിസി നെറ്റ്, ഇഗ്‌നോ പരീക്ഷാ തീയതികള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.