ന്യൂ ഡൽഹി: സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെച്ചെന്ന തരത്തിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന സർക്കുലർ വ്യാജമാണെന്ന് സിബിഎസ്ഇ അറിയിച്ചു. ഔദ്യോഗിക എക്സ് ഹാന്റിലിലൂടെ വെള്ളിയാഴ്ച ഇക്കാര്യം സിബിഎസ്ഇ വിശദമാക്കിയിട്ടുണ്ട്. കര്‍ഷക സമരം കാരണം പരീക്ഷകള്‍ മാറ്റിവെച്ചെന്ന തരത്തിലാണ് വിശദമായ നിര്‍ദേശങ്ങള്‍ ഉൾപ്പെടെയുള്ള വ്യാജ സർക്കുലർ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചത്.
#CBSE FACT CHECK!
Beware! The following letter under circulation is FAKE and misleading. The board has not taken any such decision. pic.twitter.com/30CKR3VffO— CBSE HQ (@cbseindia29) February 16, 2024
പരീക്ഷകൾ മാറ്റിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും തങ്ങൾ എടുത്തിട്ടില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന സർക്കുലർ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഔദ്യോഗിക വിശദീകരണത്തിൽ സിബിഎസ്ഇ പറയുന്നുണ്ട്. എല്ലാ അഫിലിയേറ്റഡ് സ്കൂളുകളുടെയും പ്രിൻസിപ്പൽമാർക്കായി സിബിഎസ്ഇ അയച്ച സർക്കുലർ എന്ന് അവകാശപ്പെട്ടാണ് ഈ വ്യാജ സർക്കുലർ പ്രചരിക്കുന്നത്. പരീക്ഷ മാറ്റിവെയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പുതിയ പരീക്ഷാ തീയ്യതി ഉടനെ അറിയിക്കുമെന്നും വിശദീകരിച്ച ശേഷം വിദ്യാർത്ഥികള്‍ പരീക്ഷ മാറ്റാനായി ചെയ്യേണ്ട നടപടികളെന്ന പേരിൽ നീണ്ട ഒരു വിശദീകരണവും അതിൽ നൽകുന്നുണ്ട്.