ന്യൂഡല്‍ഹി: രാജ്യത്തിന് പുറത്ത് നീറ്റ് പരീക്ഷയ്ക്ക് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കില്ലെന്ന് സിബിഎസ്ഇ. ഇതുമായി ബന്ധപ്പെട്ട് സിബിഎസ്ഇ തങ്ങളുടെ വിശദീകരണം സുപ്രീംകോടതിയെ അറിയിച്ചു. നീറ്റ് പരീക്ഷ ഒരേ സമയത്ത് ഒരേ ദിവസം മാത്രമെ നടത്താനാകൂ. പ്രവാസി ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേക പരീക്ഷാകേന്ദ്രങ്ങള്‍ തുടങ്ങുക പ്രായോഗികമല്ല.
ദോഹ, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് കൊവിഡ് നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ നടത്തിപ്പിനായുള്ള കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാനം പുറത്തിറക്കിയിട്ടുണ്ട്. പരീക്ഷയെഴുതാനായി വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനത്ത് നിന്നോ വരുന്ന കുട്ടികള്‍ നിര്‍ബന്ധമായും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം.
വിദേശത്ത് നിന്ന് വരുന്നവര്‍ കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പരീക്ഷ സെന്ററുകള്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തണം. നിരീക്ഷണത്തിലുള്ളവര്‍ക്കും ഹോട്ട്‌സ്‌പോട്ട്, കണ്ടെയിന്‍മെന്റ് മേഖലകളില്‍ നിന്നുമുള്ളവര്‍ക്കായി പ്രത്യേകം ക്ലാസ് മുറികള്‍ ഒരുക്കണം. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ വേറെ മുറിയില്‍ ഇരുത്തണം. ഇന്‍വിജിലേറ്റര്‍മാര്‍ക്ക് മാസ്‌കും ഗ്ലൗവ്‌സും അടക്കമുള്ള സുരക്ഷാ കവചങ്ങള്‍ ഉറപ്പാക്കണമെന്നും പരീക്ഷാ സെന്ററുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.