ചോദ്യപേപ്പര്‍ ചോര്‍ച്ച: മൂന്ന് പേര്‍ അറസ്റ്റില്‍; എബിവിപി പ്രവര്‍ത്തകനടക്കം 9 വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍

CBSE paper leak

ജാര്‍ഖണ്ഡ്: ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ ആര്‍എസ്എസ് നേതാവ് പിടിയില്‍. എബിവിപി ഛത്ര ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും കോച്ചിംഗ് സെന്റര്‍ ഉടമയുമായ ഝാര്‍ഖണ്ഡ് സ്വദേശി സതീഷ് പാണ്ഡെയെയാണ് അറസ്റ്റിലായത്.

സതീഷ് പാണ്ഡെ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ജാര്‍ഖണ്ഡില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. 9 വിദ്യാര്‍ഥികളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രായപൂര്‍ത്തിയാകാത്ത ഒന്‍പത് വിദ്യര്‍ഥികളെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ഇന്ന് ജുവൈനല്‍ ജസ്റ്റീസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കും.

അറസ്റ്റിലായവരില്‍ പങ്കജ് സിംഗ് എന്ന എബിവിപി പ്രവര്‍ത്തകനും ഉണ്ടെന്നാണ് സൂചന. രണ്ട് ദിവസങ്ങളിലായി 60 ഓളം പേരെ ചോദ്യം ചെയ്ത പൊലീസ് 15 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ഇവ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം.

ഇതിനിടെ എബിവിപിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സിബിഎസ്എയെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരെയും വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായി.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രത്തിന്റെയും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്.

സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സിബിഎസ്ഇ പരീക്ഷയ്ക്ക് ഒരാഴ്ച്ച മുന്‍പ് ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം പ്രധാനമന്ത്രി അറിഞ്ഞിരുന്നതായും ആരോപണമുണ്ട്. മാര്‍ച്ച് 17ന് തന്നെ തനിക്ക് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചോദ്യങ്ങള്‍ ലഭിച്ചെന്നും ഇതിന്റെ ചിത്രമടക്കം പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഉണ്ടായിരുന്നതായും എന്നാല്‍ നടപടി ഉണ്ടായില്ലെന്നും ലുധിയാനയിലെ ജാന്‍വി ബെഹല്‍ അറിയിച്ചു.

കത്ത് ലഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും വിവരം ലഭിച്ചു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിക്കുകയുണ്ടായില്ല വിദ്യാര്‍ഥിനി വ്യക്തമാക്കി.

28 ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ രാജ്യവ്യാപക റാക്കറ്റാണെന്നും സംശയിക്കുന്നുണ്ട്. ഡല്‍ഹിക്ക് പുറമെ ഹരിയാന, ജാര്‍ഖണ്ഡ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പരീക്ഷയ്ക്ക് ദിവസങ്ങള്‍ മുമ്പ് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ചോദ്യപേപ്പറുകള്‍ വന്‍തുകയ്ക്ക് വിറ്റഴിച്ചതായാണ് റിപ്പോര്‍ട്ട്.

അതേസമയം വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ഡല്‍ഹി ഹൈക്കോടതിയേയും ഉന്നതല അന്വഷണം ആവശ്യപ്പെട്ട് മലയാളി വിദ്യാര്‍ത്ഥി രോഹന്‍ മാത്യു സുപ്രീംകോടതിയേയും സമീപിച്ചിട്ടുണ്ട്.

കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന സംഭവം ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ശരിക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്.

Top