ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം ഞായറാഴ്ച പ്രഖ്യാപിക്കും.
മോഡറേഷൻ മാർക്ക് ചേർത്തായിരിക്കും ഫലം ലഭിക്കുക.
ഈ വർഷം 10,98,891 വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. 10,678 സ്കൂളുകളിൽ നിന്നായി 11 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 10 റീജിയണുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ (2,58,321) പരീക്ഷ എഴുതിയത് ഡൽഹിയിലാണ്.
പന്ത്രണ്ടാം ക്ലാസിൽ മോഡറേഷൻ നൽകേണ്ടെന്ന തീരുമാനം നടപ്പാക്കുന്നത് ഡൽഹി ഹൈക്കോടതി തടഞ്ഞിരുന്നു. അതിനാൽ ഇത്തവണത്തെ ഫലം പ്രഖ്യാപനം വൈകുമെന്ന് ആശങ്ക നിലനിന്നിരുന്നു.
ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കേണ്ടെന്ന് സിബിഎസ്ഇ തീരുമാനിച്ചതോടെയാണ് ആശങ്കകൾ ഒഴിഞ്ഞത്. ഹൈക്കോടതി വിധി ഈ വർഷം നപ്പാക്കുമെന്നു സിബിഎസ്ഇ അറിയിച്ചു.
മോഡറേഷൻ റദ്ദാക്കാൻ സിബിഎസ്ഇ തീരുമാനിച്ചിരുന്നു. എന്നാൽ മോഡറേഷൻ റദ്ദാക്കുന്ന തീരുമാനം പരീക്ഷ കഴിഞ്ഞാണ് വന്നതെന്ന കാരണം ചൂണ്ടിക്കാട്ടി ഈ വർഷം അത് നടപ്പിലാക്കുന്നത് ഡൽഹി ഹൈക്കോടതി തടയുകയും ചെയ്തു.