ന്യൂഡല്‍ഹി: ചോദ്യക്കടലാസ് ചോര്‍ച്ചയെത്തുടര്‍ന്ന് മാറ്റിവെച്ച സി.ബി.എസ്.ഇ. പരീക്ഷകളുടെ പുതിയ തീയതി പ്രഖ്യാപിച്ചു. 12-ാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷ ഏപ്രില്‍ 25നു നടത്താനാണ് തീരുമാനം. പത്താം ക്ലാസ് പരീക്ഷ ആവശ്യമെങ്കില്‍ ജൂലൈയിലും നടത്തും. ഇതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപാണ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചത്.
ഡല്‍ഹിയിലും ഹരിയാനയിലും മാത്രമാണ് പത്താം ക്ലാസ് പരീക്ഷ നടത്തുക. ഇവിടങ്ങളില്‍ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ പത്താം ക്ലാസ് പരീക്ഷ വീണ്ടും നടത്തണമോ വേണ്ടയോ എന്നതില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഇന്ത്യയ്ക്കു പുറത്ത് സിബിഎസ്ഇ നടത്തിയ പരീക്ഷകളുടെ ചോദ്യക്കടലാസ് ചോര്‍ന്നിട്ടില്ല. അതിനാല്‍ത്തന്നെ അവിടെ പുനഃപരീക്ഷ ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
പന്ത്രണ്ടാംക്ലാസിലെ സാമ്പത്തികശാസ്ത്രത്തിന്റെയും പത്താംക്ലാസിലെ കണക്ക് പരീക്ഷയുടേയും ചോദ്യപേപ്പറാണ് ചോര്‍ന്നത്. സംഭവത്തെ തുടര്‍ന്നു പരീക്ഷകര്‍ സിബിഎസ്ഇ റദ്ദാക്കിയിരന്നു. പുതിയ പരീക്ഷാ തീയതി സംബന്ധിച്ച തീരുമാനം ഞാറയാഴ്ചക്കകം പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ അറിയിച്ചിരുന്നു.
ബുധനാഴ്ച നടന്ന പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ഡല്‍ഹിയിലെ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് ചൊവ്വാഴ്ച രാത്രിയോടെ കിട്ടിയിരുന്നു. തിങ്കളാഴ്ചയാണ് പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തികശാസ്ത്രം പരീക്ഷ നടന്നത്. അന്നുതന്നെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതിപ്പെട്ടിരുന്നു.