തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് അടച്ച സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആഴ്ചയില്‍ മൂന്ന് ദിവസം രക്ഷിതാക്കളുടെ അനുവാദത്തോടെ ക്ലാസുകള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 50 ശതമാനം അധ്യാപകര്‍ക്കും സംശയനിവാരണത്തിനായി മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കും സ്‌കൂളുകളിലേക്ക് വരാമെന്ന കേന്ദ്രതീരുമാനത്തെ തുടര്‍ന്നാണ് ഈ നീക്കം.
കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ ഇത് വരെയും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ ഭാഗികമായി സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാധ്യത തേടുകയാണ് സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകള്‍. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. ആഴ്ചയില്‍ പരമാവധി മൂന്ന് ദിവസം വരെ കുട്ടികളെ സ്‌കൂളുകളിലേക്ക് എത്തിക്കാനാണ് സിബിഎസ്ഇ അധികൃതര്‍ ശ്രമിക്കുന്നത്.
9 മുതല്‍ 12 ക്ലാസ് വരെയുള്ള കുട്ടികളെ പല ബാച്ചുകളാക്കി തിരിക്കും.ഒരേ സമയം ക്ലാസുകളില്‍ ഇരിക്കുക 12 പേര്‍. ക്ലാസുകള്‍ തുടങ്ങുന്നതില്‍ മാതാപിതാക്കളുടെ അഭിപ്രായം അറിഞ്ഞ ശേഷമാകും തുടര്‍നടപടികള്‍. സാഹചര്യമനുസരിച്ച് ഓരോ സ്‌കൂളുകള്‍ക്കും തീരുമാനമെടുക്കാം. എന്നാല്‍ ഈ തീരുമാനം സ്‌കൂളുകളിലേക്ക് എത്താന്‍ വാഹനസൗകര്യമില്ലാത്ത ഗ്രാമീണ മേഖലയിലെ കുട്ടികളെ പ്രതിസന്ധിയിലാക്കിയേക്കും.
കുട്ടികളെ നിര്‍ബന്ധിപ്പിച്ച് സ്‌കൂളിലേക്ക് എത്തിക്കരുതെന്നാണ് സംഘടന സ്‌കൂളുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷന്റെ കീഴില്‍ 1500 സിബിഎസ്ഇ സ്‌കൂളുകളും, 200 ഐസിഎസ്ഇ സ്‌കൂളുകളുമാണ് പ്രവര്‍ത്തിക്കുന്നത്.