ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനുള്ള വിലക്ക് നീക്കി ഐസിസി

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി. ഞായറാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഐസിസി ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്തതിന് ശേഷമുള്ള സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നെന്നും നിലവില്‍ ഐസിസി അംഗങ്ങള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ബോര്‍ഡ് ലംഘിക്കുന്നില്ലെന്നും ഐസിസി ചൂണ്ടിക്കാട്ടി.

നേരത്തേ സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി സസ്‌പെന്‍ഡ് ചെയ്തത്. 2023 ഏകദിന ലോകകപ്പിനിടെ ശ്രീലങ്കന്‍ ക്രിക്കറ്റ് മാനേജ്‌മെന്റ് അംഗങ്ങളെ സര്‍ക്കാര്‍ ഇടപെട്ട് പുറത്താക്കിയിരുന്നു. ടൂര്‍ണമെന്റിലെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് പുറത്താക്കലെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ ദീര്‍ഘനാളായി നിലനിന്നിരുന്ന രാഷ്ട്രീയ ചരടുവലിയുടെ ഭാഗമായിരുന്നു നടപടി.

ഇത് ഐസിസി യുടെ നിയമങ്ങള്‍ ലംഘിക്കുന്നതാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് വിലക്ക് ലഭിച്ചു.

പിന്നീട് നവംബര്‍ 21ന് ചേര്‍ന്ന ഐസിസി ബോര്‍ഡ് യോഗത്തില്‍ ശ്രീലങ്കന്‍ ടീമിന് ഐസിസി ടൂര്‍ണ്ണമെന്റുകളിലടക്കം പങ്കെടുക്കാമെന്ന് തീരുമാനമെടുത്തു. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡിനുള്ള വിലക്ക് കാരണം അണ്ടര്‍19 ലോകകപ്പ് ശ്രീലങ്കലയില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയിരുന്നു.

Top