കക്കയത്ത് ഇറങ്ങിയ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് സിസിഎഫ് ഇറക്കി. കാട്ടുപോത്തിനെ മയക്കുവെടിവച്ചു പിടികൂടണം. അതിനു സാധിച്ചില്ലെങ്കിൽ വെടിവച്ചു കൊല്ലാനുമാണ് ഉത്തരവിലുള്ളത്. ഫെൻസിങ്ങിന്റെ പ്രവർത്തനം അടുത്തദിവസം തന്നെ തുടങ്ങുമെന്നും ഉത്തരവിലുണ്ട്. കക്കയത്ത് കാട്ടുപോത്ത് കുത്തിക്കൊന്ന ഏബ്രഹാമിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ഉടൻ നൽകുമെന്നു കലക്ടർ അറിയിച്ചു. 40 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കുടുംബത്തിലാർക്കെങ്കിലും ജോലി നൽകാനും ശുപാർശയും നൽകും.
അതേസമയം മൃഗങ്ങൾ വന്നാൽ തങ്ങൾതന്നെ വെടിവെച്ചുകൊല്ലുമെന്നു താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ‘‘മൃഗങ്ങളെ കാട്ടിൽ തടഞ്ഞുനിർത്താൻ വനം വകുപ്പിന് സാധിക്കുന്നില്ലെങ്കിൽ ആ ഉത്തരവാദിത്തം ജനം ഏറ്റെടുക്കും. മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും ജനങ്ങളുടെ വിഷമം അറിയില്ല. നടപടിയുണ്ടായില്ലെങ്കിൽ മലമ്പ്രദേശത്തെ ഭരണം ഏറ്റെടുക്കാന്‍ മടിയില്ല. ഉറപ്പുകൾ പാലിക്കും വരെ സമരം തുടരും. ഭരണാധികാരികൾ കർഷകരുടെ മനസ്സറിയാത്തവരാണ്. ഇനി ഒരു ദുരന്തം ഉണ്ടാകാൻ അനുവദിക്കില്ല’’–ബിഷപ്പ് പറഞ്ഞു.