കൊച്ചി: കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ച കേസില്‍ ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ്. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലാണ് ഇന്നലെ അന്വേഷണ സംഘം പരിശോധന നടത്തിയത്. ഇവിടെ നിന്നും ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു കാറപകടത്തില്‍ പെട്ടത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയതാണ് ഹാര്‍ഡ് ഡിസ്‌ക്. ഹാര്‍ഡ് ഡിസ്‌കിന്റെ പാസ് വേര്‍ഡ് പൊലീസിനു ലഭിച്ചിട്ടില്ല. ഐടി വിദഗ്ധരുടെ സഹായത്തോടെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിക്കും.
ഇക്കഴിഞ്ഞ കേരള പിറവി ദിനത്തിലാണ് 2019ലെ മിസ്സ് കേരളയായിരുന്ന അന്‍സി കബീറും മിസ് കേരള ഒന്നാം റണ്ണര്‍ അപ്പായിരുന്ന ഡോ. അഞ്ജന ഷാജനും വൈറ്റലയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ബൈപ്പാസ് റോഡില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് ഇടിച്ചിറങ്ങിയ നിലയിലായിരുന്നു വാഹനം. ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നു.
അപകടത്തില്‍ പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ഇവരോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് കെ.എ മുഹമ്മദ് ആഷിഖ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. വാഹമോടിച്ചിരുന്ന അബ്ദുഹ്മാനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ ലഹരിയിലായിരുന്നെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിക്കും. ഇതിനായാണ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നത്.