ചോദ്യംചെയ്യലിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് വിധേയമാക്കിയതായി പാര്‍ലമെന്റ് അതിക്രമത്തില്‍ അറസ്റ്റിലായ പ്രതികള്‍. കോടതിയിലാണ് പ്രതികൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. നുണ പരിശോധനയിലും നാര്‍കോ, ബ്രെയിന്‍ മാപ്പിങ് പരിശോധനയുടെ സമയത്തും പോലീസ് സമ്മര്‍ദം ചെലുത്തിയതായും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പ്രതികള്‍ വ്യക്തമാക്കി.
വൈദ്യുത ഷോക്ക് ഏൽപ്പിച്ചു. വെള്ള പേപ്പറുകളില്‍ ഒപ്പിട്ടു നല്‍കാനും യു.എ.പി.എ. നിയമത്തിന് കീഴിലുള്ള കുറ്റങ്ങള്‍ ചെയ്തതായി സമ്മതിക്കാനും പോലീസ് സമ്മര്‍ദം ചെലുത്തി. ഇതിന് പുറമേ പ്രതികളെ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധിപ്പിക്കുന്നതിനും പോലീസ് ശ്രമിച്ചുവെന്ന് പ്രതികൾ കോടതിയോട് പറഞ്ഞു.
പാര്‍ലമെന്റില്‍ പ്രതിഷേധിച്ച സംഭവത്തെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി കൂട്ടിക്കെട്ടുന്നതിനും പോലീസ് സമ്മര്‍ദം ചെലുത്തി. ഇതിന് പുറമേ ഇ-മെയില്‍, ഫേസ്ബുക്ക് പാസ്‌വേഡുകള്‍ നല്‍കുന്നതിനും സിം കാര്‍ഡുകളുടെ പകര്‍പ്പ് എടുക്കുന്നതിനും പോലീസ് സമ്മര്‍ദം ചെലുത്തിയതായും പ്രതികള്‍ പറഞ്ഞു.
മനോരഞ്ജന്‍, സാഗര്‍ ശര്‍മ, ലളിത് ഝാ, അമോല്‍ ഷിന്‍ഡെ, മഹേഷ് കുമാവത് എന്നിവരാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. പ്രതികളുടെ ആരോപണങ്ങളില്‍ ഡല്‍ഹി പോലീസ് മറുപടി നല്‍കണമെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹര്‍ദീപ് കൗര്‍ ആവശ്യപ്പെട്ടു. പ്രതികളുടെ ജൂഡീഷ്യല്‍ കസ്റ്റഡി മാര്‍ച്ച് ഒന്ന് വരെ പോലീസ് നീട്ടിയിട്ടുണ്ട്. കേസില്‍ ഫെബ്രുവരി 17-ന് കോടതി വാദം കേള്‍ക്കും.