പി.എം. കെയേഴ്സ് ഫണ്ടിലേക്ക് മാസം 50,000 വീതം ഒരുവര്‍ഷത്തേക്ക് നല്‍കി ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പി.എം. കെയേഴ്‌സ് ഫണ്ടിലേക്ക് മാസം 50,000 രൂപവെച്ച് ഒരുവര്‍ഷത്തേക്ക് സംഭാവന ചെയ്യാന്‍ ആരംഭിച്ചതായി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി ആരംഭിച്ചതാണ് പി.എം.കെയേഴ്‌സ് ഫണ്ട്. തന്റെ ശമ്പളത്തില്‍ നിന്ന് പി.എം. കെയേഴ്‌സ് ഫണ്ടിലേക്ക് മാസം 50,000 രൂപ പിടിച്ചുകൊള്ളണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് ബിപിന്‍ റാവത്ത് കത്തെഴുതിയിരുന്നു. കത്ത് അയച്ചതിന് ശേഷം അദ്ദേഹത്തിന്റെ ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് ആദ്യത്തെ ഗഡുവായ 50,000 രൂപ പി.എം.കെയേഴ്‌സ് ഫണ്ടിലേക്ക് പിടിച്ചിരുന്നു. കൂടാതെ ഈ ഫണ്ട് രൂപീകരിച്ച സമയത്തും അദ്ദേഹം തന്റെ ഒരുദിവസത്തെ ശമ്പളം സംഭാവന ചെയ്തിരുന്നു. ഇതിന് പുറമെയാണ് ഇപ്പോള്‍ ഒരുവര്‍ഷത്തേക്ക് ഇത്രയും തുക നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ എല്ലാമാസവും ഒരുദിവസത്തെ ശമ്പളം പി.എം.കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കാനുള്ള ഓപ്ഷന്‍ പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാലത് നിര്‍ബന്ധമാക്കിയിട്ടില്ല. അതേസമയം, സൈന്യത്തിലെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് ബിപിന്‍ റാവത്ത് ഇത്രവലിയ തുക സംഭാവന ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

Top