വെടിനിറുത്തൽ കരാർ ലംഘിച്ച പാകിസ്ഥാന് കനത്ത പ്രഹരമേകി ഇന്ത്യൻ സൈന്യം

indian-army

ശ്രീനഗർ: നിയന്ത്രണരേഖയിൽ വെടിനിറുത്തൽ കരാർ ലംഘിച്ച പാകിസ്ഥാൻ സെെന്യത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയിൽ പതിനൊന്ന് പാകിസ്ഥാൻ സെെനികർ കൊല്ലപ്പെട്ടു. വെടിവയ്പിൽ പതിനാറ് പാക് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് പാകിസ്ഥാൻ ആർമി സ്‌പെഷ്യൽ സർവീസ് ഗ്രൂപ്പ് (എസ്എസ്ജി) കമാൻഡോകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

 

ഇന്നലെ ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം യാതൊരു പ്രകോപനവുമില്ലാതെ വെടിനിറുത്തൽ കരാർ ലംഘനം നടത്തുകയായിരുന്നു. ഉറി മുതൽ ഗുരസ് വരെയുള്ള ഒന്നിലധികം മേഖലകളിലാണ് പാകിസ്ഥാൻ വെടിനിറുത്തൽ കരാർ ലംഘിച്ചത്. വെടിവയ്പ്പിൽ ഒരു ഇന്ത്യൻ ബി.എസ്.എഫ് സബ് ഇൻസ്പെക്ടർ വീരമൃത്യുവരിക്കുകയും ഒരു ജവാന് ഗുരുതര പരിക്കേൽക്കുകയും ചെയ്‌തു. ഇതിനു പിന്നാലെ ഇന്ത്യൻ സേന ശക്തമായി തന്നെ തിരിച്ചടിച്ചു.

പാകിസ്ഥാൻ സൈന്യത്തിനെതിരെയുള്ള ആക്രമണത്തിൽ പാകിസ്ഥാൻ ആർമി ബങ്കറുകൾ, ഇന്ധന ടാങ്കുകൾ , ലോഞ്ച് പാഡുകൾ എന്നിവയും ഇന്ത്യൻ സേന തകർത്തു. പാകിസ്ഥാന്റെ നുഴഞ്ഞുകയറ്റ വീഡിയോകൾ ഇന്ത്യൻ സൈന്യം ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. പാകിസ്ഥാൻ സൈന്യം നടത്തിയ വെടിനിറുത്തൽ ലംഘനത്തിൽ മൂന്ന് ഗ്രാമവാസികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Top