ഐഎസ്എല്‍ മത്സരത്തിനിടെ സീലിംഗ് അടര്‍ന്ന് വീണ സംഭവം; ജിസിഡിഎയുടെ പരിശോധന ഇന്നും തുടരും

കൊച്ചി: ഐഎസ്എല്‍ മത്സരത്തിനിടെ കലൂര്‍ സ്റ്റേഡിയത്തില്‍ സീലിംഗ് അടര്‍ന്ന് വീണതില്‍ ജിസിഡിഎയുടെ പരിശോധന ഇന്നും തുടരും. ഡിസംബര്‍ 24ന് നടന്ന കേരളാ ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. സ്റ്റേഡിയത്തിന്റെ സീലിംഗ് അടര്‍ന്നുവീഴുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വലിയ ആള്‍ക്കൂട്ടം ഈ മത്സരം കാണുവാന്‍ ഉണ്ടായിരുന്നു. ഏകദേശം 35,000ത്തോളം ആരാധകരാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാന്‍ സ്റ്റേഡിയത്തിലേക്ക് എത്തിയത്.

സ്റ്റേഡിയത്തിന്റെ ചില ഭാഗങ്ങളില്‍ വിള്ളല്‍ ഉള്‍പ്പെടെ ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്നലെ സ്റ്റേഡിയത്തില്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇന്ന് നടക്കുന്ന പരിശോധനയ്ക്ക് ശേഷമാണ് ഏത് തരത്തിലുള്ള അറ്റകുറ്റപ്പണികള്‍ വേണമെന്ന് തീരുമാനിക്കുക. കഴിഞ്ഞ ദിവസത്തെ മത്സരത്തോടെ കേരളാ ബ്ലാസ്റ്റേഴ്‌സ് എവേ മത്സരത്തിനായി പോയിരിക്കുകയാണ്.ഫെബ്രുവരി മാസത്തിലാണ് ബ്ലാസ്റ്റേഴ്‌സിന് ഇനി ഹോം മത്സരമുള്ളത്. ഈ കാലയളവില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയുമോ എന്നും ആലോചനകളുണ്ട്. എന്നാല്‍ ഈ സ്റ്റേഡിയത്തിന് വരുമാനം കുറവാണെന്ന് ജിസിഡിഎ പറയുന്നു. മുമ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ ഉള്‍പ്പടെ നടന്ന അന്താരാഷ്ട്ര സ്റ്റേഡിയമാണിത്. എന്നാല്‍ ഇപ്പോള്‍ വര്‍ഷത്തില്‍ നടക്കുന്ന 12 മത്സരങ്ങളില്‍ നിന്ന് മാത്രമാണ് വരുമാനമുള്ളതെന്നും ജിസിഡിഎ പറയുന്നു.

സീലിംഗ് അടര്‍ന്ന് വീണ് പെണ്‍കുട്ടിയുടെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജിസിഡിഎയുടെ സാങ്കേതിക സംഘം പരിശോധനയിലേക്ക് നീങ്ങുന്നത്. സീലിംഗ് അടര്‍ന്ന് വീഴുന്ന ഭാഗത്ത് മാത്രമാണോ മറ്റു ഭാഗങ്ങളിലും ഈ പ്രശ്‌നമുണ്ടോയെന്നാണ് പ്രധാന പരിശോധന.

Top