അസം: തീവ്രവാദികളോട് അക്രമമാര്‍ഗം വെടിഞ്ഞ് മുഖ്യധാരയിലേക്ക് തിരിച്ചെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കശ്മീരിലെ ഭീകരപ്രവര്‍ത്തകരും രാജ്യത്തെ ഇതരഭാഗങ്ങളിലുള്ള നക്‌സലൈറ്റുകളും തീവ്രവാദികളുമൊക്കെ അക്രമമാര്‍ഗം വെടിഞ്ഞ് മുഖ്യധാരയിലേക്ക് തിരിച്ചെത്തണമെന്നും ജീവിതം ആഘോഷിക്കണമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.
അസമിലെ കൊക്രഝാറില്‍ നടന്ന റാലിയില്‍ സംസാരിക്കയായിരുന്നു അദ്ദേഹം. ജനുവരി 27-ന് കേന്ദ്രസര്‍ക്കാര്‍ വിവിധ ബോഡോ തീവ്രവാദി സംഘടനകളുമായി സമാധാനക്കരാര്‍ ഒപ്പുവെച്ചതിനോടനുബന്ധിച്ചാണ് റാലി നടന്നത്.
ബോഡോ സമാധാനക്കരാര്‍ ഒപ്പിടാനായത് രാജ്യത്തെ വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ യുഗപ്പിറവിക്ക് വഴിയൊരുക്കുമെന്നും മോദി പറഞ്ഞു. സമാധാനക്കരാറിലെത്താനായത് അസമിലെ ജനങ്ങളുടെ പിന്തുണകൊണ്ടാണെന്നും മേഖലയില്‍ സമാധാനത്തിന്റെ പുതുപുലരി പിറന്നുകഴിഞ്ഞെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ വരുമെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും അത്തരത്തിലൊന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.