ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണിയിലെ സമയ്പുര്‍ ബാല്‍ഡി മേഖലയില്‍ ആഘോഷ വെടിവയ്പ് ലക്ഷ്യംതെറ്റി പൊലീസ് ഉദ്യോഗസ്ഥനു പരുക്ക്. ശരീരത്തില്‍ രണ്ടു വെടിയുണ്ടകള്‍ തറച്ചുകയറിയ സബ് ഇന്‍സ്‌പെക്ടറായ ഹരിഷിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സരോജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില ഗരുതരമാണ്. ഷഹ്ബാദ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ഹരിഷ്.
സുഹൃത്തിന്റെ മകളുടെ ജന്മദിനാഘോഷത്തില്‍ ആകാശത്തേക്കു നടത്തിയ ആഘോഷ വെടിവയ്പ് ലക്ഷ്യം തെറ്റി, ഹരീഷിന്റെ ശരീരത്തില്‍ വെടിയുണ്ട തറയ്ക്കുകയായിരുന്നു. നെഞ്ചിലും തോളിലുമാണ് ഹരീഷിനു വെടിയേറ്റത്.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മകനു വെടിയേറ്റതില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്ന് ഹരീഷിന്റെ പിതാവ് അശോക് പൊലീസിനു മൊഴി നല്‍കി. ഇദ്ദേഹവും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.